Home അറിവ് പിഎസ്‌സിയുടെ 50 ശതമാനം പരീക്ഷകളും ഓണ്‍ലൈനിലേക്ക് മാറ്റുന്നു

പിഎസ്‌സിയുടെ 50 ശതമാനം പരീക്ഷകളും ഓണ്‍ലൈനിലേക്ക് മാറ്റുന്നു

പിഎസ്‌സിയുടെ 50 ശതമാനം പരീക്ഷകളും ഓണ്‍ലൈനിലേക്ക് മാറ്റുന്നതായി പിഎസ്‌സി ചെയര്‍മാന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നാലാമത്തെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം മുട്ടമ്പലത്തെ ജില്ലാ പിഎസ്‌സി ഓഫിസില്‍ ആരംഭിക്കും. പിഎസ്‌സി കേന്ദ്രത്തിനു പുതിയതായി പണിയുന്ന ബഹുനില മന്ദിരത്തിലാണ് സൗകര്യം ഒരുക്കുന്നത്. 400 പേര്‍ക്ക് ഒരേ സമയം പരീക്ഷ എഴുതാവുന്ന സംവിധാനം വരുമെന്നു പിഎസ്്‌സി ചെയര്‍മാന്‍ പറഞ്ഞു.

ജില്ലയിലെ അപേക്ഷകരുടെ എണ്ണക്കൂടുതലും സമീപ ജില്ലകളില്‍ നിന്നുള്ള പരീക്ഷാര്‍ഥികള്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യവും കണക്കാക്കിയാണ് കോട്ടയത്ത് ഓണ്‍ലൈന്‍ കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉള്ളത്.

പിഎസ്‌സിയുടെ 50 ശതമാനം പരീക്ഷകളും ഓണ്‍ലൈനിലേക്കു മാറ്റും. ഇതു മൂലം വേഗം ഫലം പ്രഖ്യാപിക്കാന്‍ കഴിയും. കോവിഡ് കാലത്തു നിര്‍ത്തിവച്ചിരുന്ന ഇന്റര്‍വ്യു, രേഖകളുടെ പരിശോധന, ജീവനക്കാരുടെ സര്‍വീസ് വെരിഫിക്കേഷന്‍, ഡിപ്പാര്‍ട്‌മെന്റല്‍ ടെസ്റ്റ് എന്നിവ ഉടന്‍ പുനരാരംഭിക്കും. ഷെഡ്യൂള്‍ അനുസരിച്ചുള്ള പരീക്ഷകള്‍ നാളെ ആരംഭിക്കും. കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് അവസരം നല്‍കും. ഇവര്‍ക്കായി പ്രത്യേക ഹാള്‍ ക്രമീകരിക്കും.

കോവിഡ് പശ്ചാത്തലത്തില്‍, ഉദ്യോഗാര്‍ഥികള്‍ ഇനി അപേക്ഷയോടൊപ്പം ആമുഖ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാകും. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതില്ല. പത്താം ക്ലാസ്, ബിരുദം യോഗ്യതയുള്ളവര്‍ക്ക് നടത്തുന്ന പൊതു പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. ഇവര്‍ക്കായി പൊതുപരീക്ഷയാണ് നടത്തുന്നതെങ്കിലും ഓരോ കാറ്റഗറിക്കും പ്രത്യേക പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

പരീക്ഷാ നവീകരണത്തിന്റെ ഭാഗമായി പിഎസ്‌സി പരീക്ഷകളുടെ സിലബസ് പരിഷ്‌കരണം പൂര്‍ത്തിയായി. സാധാരണ ചോദ്യങ്ങള്‍ക്കു പുറമേ, പൊതു വിഭാഗം, സര്‍വീസ്, ഔദ്യോഗിക കൃത്യനിര്‍വഹണം, ഭരണനിര്‍വഹണം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളും ഉള്‍പ്പെടുത്തിയാകും പരിഷ്‌കരണം.