Home ആരോഗ്യം കോവിഡ് 19 വാക്‌സിന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യയിലെ പരീക്ഷണ കുത്തിവെപ്പ് ആരംഭിച്ചു

കോവിഡ് 19 വാക്‌സിന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യയിലെ പരീക്ഷണ കുത്തിവെപ്പ് ആരംഭിച്ചു

ക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് പ്രതിരോധ വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണ കുത്തിവയ്പ്പ് ആരംഭിച്ചു. വാക്സീന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണമാണ് ഇന്ത്യയില്‍ നടക്കുന്നത്. ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്(പിജിഐഎംഇആര്‍) കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് മൂന്ന് വോളന്റിയര്‍മാര്‍ക്ക് വെള്ളിയാഴ്ച നല്‍കി.

57ഉം 26ഉം വയസുള്ള രണ്ട് സ്ത്രീകള്‍ക്കും 33 കാരനായ ഒരു പുരുഷനുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കിയത്. 0.5 മില്ലിലീറ്റര്‍ അളവിലാണ് വാക്സീന്‍ നല്‍കിയത്. പിജിഐഎംഇആര്‍ ഉള്‍പ്പെടെ രാജ്യത്തെ 17 കേന്ദ്രങ്ങളിലാണ് ഓക്സ്ഫഡ് വാക്സീന്‍ പരീക്ഷണം നടക്കുക.

മുംബൈയിലെ കിങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലും മൂന്ന് പേര്‍ക്ക് വാക്സീന്‍ ഡോസ് നല്‍കും. മനുഷ്യരിലെ പരീക്ഷണത്തിനായി 10 വോളന്റിയര്‍മാരെ കൂടി ഇവിടെ തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റൊരു മുംബൈ ആശുപത്രിയായ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പരീക്ഷണം ആരംഭിക്കും. പിജിഐഎംഇആറില്‍ 18 വോളന്റിയര്‍മാരെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഇനി 100 പേരെ കൂടി തിരഞ്ഞെടുക്കാന്‍ പദ്ധതിയുണ്ട്.

വാക്സീന്‍ നല്‍കിയ വോളന്റിയര്‍മാരില്‍ ഒരാള്‍ക്ക് ചില പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ നിര്‍ത്തി വച്ച കോവിഷീല്‍ഡ് പരീക്ഷണമാണ് ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുനരാരംഭിച്ചിരിക്കുന്നത്.

പരീക്ഷണത്തില്‍ പങ്കെടുക്കുന്ന വോളന്റിയര്‍മാര്‍ക്ക് മരണം സംഭവിച്ചാല്‍ അവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് ലഭിക്കും. വാക്സീന്‍ മൂലം എന്തെങ്കിലും ഗുരുതര രോഗമുണ്ടായാല്‍ ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.

ഇപ്പോള്‍ കുത്തിവയ്പ്പെടുത്ത വോളന്റിയര്‍മാരെ 28 ദിവസം സൂക്ഷ്മമായി നിരീക്ഷിക്കും. ശേഷം വാക്സീന്റെ രണ്ടാം ഡോസ് നല്‍കും. തുടര്‍ന്ന് വീണ്ടും 28 ദിവസത്തെ നിരീക്ഷണം. പിന്നീട് ഇവരുടെ രക്തസാംപിള്‍ എടുത്ത ശേഷം ആറു മാസം നീളുന്ന നിരീക്ഷണം. പനി പോലുള്ള ലക്ഷണങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തി വയ്ക്കാനും വോളന്റിയര്‍മാരോട് ആവശ്യപ്പെടും.