Home ആരോഗ്യം ഒമിക്രോണിന്റെ മൂന്ന് വകഭേദങ്ങള്‍; ലക്ഷണങ്ങള്‍ അറിയാം

ഒമിക്രോണിന്റെ മൂന്ന് വകഭേദങ്ങള്‍; ലക്ഷണങ്ങള്‍ അറിയാം

വിവിധ ഉപവകഭേദങ്ങളുള്ള കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ നിസ്സാരമായി കാണേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദത്തെ പിന്തള്ളി ലോകത്തിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഒമിക്രോണ്‍ മാറിയെങ്കിലും അതിന്റെ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും പടരുന്നത്.

ബിഎ.1, ബിഎ 1.1, ബിഎ. 2 എന്നിവയാണ് ഒമിക്രോണിന്റെ പ്രചാരത്തിലുള്ള പ്രധാന ഉപവകഭേദങ്ങള്‍. ഇത് കൂടാതെ ബിഎ.3 എന്നൊരു ഉപവകഭേദം കൂടി ഒമിക്രോണിനുണ്ടെങ്കിലും ബിഎ.2 ആണ് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചാവിഷയമായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബിഎ.2 ഉപവകഭേദം ബാധിച്ച നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഡെല്‍റ്റയ്ക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണിന്റെ ആദ്യ ഉപവകഭേദമാണ് ബിഎ. 1. 2022 ജനുവരി 19 വരെ ജിഐഎസ്എഐഡിയില്‍ സമര്‍പ്പിക്കപ്പെട്ട ജനിതക സാംപിളുകളില്‍ 97.4 ശതമാനവും ബിഎ 1 ഉപവകഭേദം മൂലമുള്ളതായിരുന്നു. തൊണ്ട വേദന, ജലദോഷം, മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, ശരീര വേദന, ചെറിയ തോതിലുള്ള പനി എന്നിവയെല്ലാം ഈ ഉപവകഭേദം ബാധിച്ചവരില്‍ കാണപ്പെട്ട ലക്ഷണങ്ങളാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മണവും രുചിയും നഷ്ടമാകാല്‍ ഒമിക്രോണ്‍ തരംഗത്തില്‍ ദൃശ്യമായിരുന്നില്ല.

ഗവേഷണപഠനങ്ങള്‍ പ്രകാരം ബിഎ 1.1. ന് 40 ജനിതക വ്യതിയാനങ്ങളുണ്ട്. ഇതിനൊപ്പം മറ്റ് മൂന്ന് ഉപവകഭേദങ്ങളും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി 10 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ അണുബാധകളില്‍ 1 ശതമാനം ബിഎ 1.1. മൂലമായിരുന്നു. 69 രാജ്യങ്ങളില്‍ ഇതിന്റെ സാന്നിധ്യം രേഖപ്പെടുത്തി. മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല ഈ ഉപവകഭേദത്തിന്റെയും ലക്ഷണങ്ങള്‍.

സ്പൈക് പ്രോട്ടീനിലെയും മറ്റ് ചില പ്രോട്ടീനുകളിലെയും അമിനോ ആസിഡ് ശ്രേണികളില്‍ ചില വ്യത്യാസങ്ങളാണ് ബിഎ 1 ഉം ബിഎ 2ഉം തമ്മിലുള്ളത്. ബിഎ 1 നെ അപേക്ഷിച്ച് കൂടുതല്‍ വ്യാപന ശേഷിയുള്ള ബിഎ 2 പ്രബലമാണ്. മൂക്കൊലിപ്പ്, തൊണ്ട വേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായ ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും ഈ ഉപവകഭേദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്.

ഒമിക്രോണ്‍ വ്യാപനവുമായി ബന്ധപ്പെട്ട മൂര്‍ധന്യാവസ്ഥ പല രാജ്യങ്ങളും താണ്ടിയെങ്കിലും എല്ലാ രാജ്യങ്ങളുടെയും സ്ഥിതി ഇതല്ലെന്ന് ലോകാരോഗ്യ സംഘടന ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് പറയുന്നു.ഇതിനാല്‍ തന്നെ ഒമിക്രോണിനെ ലാഘവത്തോടെ എടുത്താല്‍ കൂടുതല്‍ വകഭേദങ്ങളുടെ പിറവിക്ക് അത് കാരണമായേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.