
കംപ്യൂട്ടറിന് പുതിയൊരു രൂപം കണ്ടുപിടിച്ചിരിക്കുകയാണ് ആപ്പിള്‍ എന്ന് പേറ്റന്റ്ലി ആപ്പിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫിസാണ് ആപ്പിളിന്റെ പുതിയ കംപ്യൂട്ടര്‍ സങ്കല്‍പ്പത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആപ്പിളിന്റെ മാജിക് കീബോര്‍ഡിനു സമാനമായ ഒന്നാണ് പുതിയ കംപ്യൂട്ടര്‍ സങ്കല്‍പം. കീബോര്‍ഡിനുള്ളില്‍ സിപിയു ഉള്‍ക്കൊള്ളിക്കുക എന്ന ആശയമാണ് ആപ്പിള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് വിവരം. ഇത് വീട്ടിലോ, ഓഫിസിലോ ഉള്ള ഒന്നോ, ഒരു പക്ഷേ ഒന്നിലേറെയോ മോണിട്ടറുകളുമായി ഘടിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാനായേക്കും എന്നാണ് കരുതുന്നത്.
മിക്കവരും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് സ്ഥിരമായി ഒരു സ്ഥലത്തു വച്ചാണ്. ഉദാഹരണത്തിന് ഡെസ്‌കടോപ് കംപ്യൂട്ടര്‍. ഇതിന് ഒരു ടവര്‍ രീതിയിലുള്ള ഹൗസിങ് ആണ് പൊതുവെ ഉപയോഗിക്കുന്നത്. ഇതില്‍ പ്രോസസര്‍, മെമ്മറി മറ്റ് ഘടകഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കും. ഇത് പിന്നീട് കീബോര്‍ഡ്, മൗസ് തുടങ്ങിയ ഇന്‍പുട്ട് ഉപകരണങ്ങളുമായും ഒന്നോ ഒന്നിലേറെയോ മോണിട്ടറുകളുമായും ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കും.
ഇത്തരം ഒരു ഉപകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുക എന്നു പറയുന്നത് ശ്രമകരമായ പണിയാണ്. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന കോഡുകളടക്കമുള്ള നൂലാമാലകളും കൊണ്ടുപോകണം. മറ്റിവയ്ക്കുമ്പോള്‍ ഇവയ്ക്ക് കേടുപാടു പോലും സംഭവിക്കാം. മാറ്റിവച്ച ശേഷം നൂലാമാലകളെയെല്ലാം വീണ്ടും അവയുടെ യഥാര്‍ഥ സ്ഥാനങ്ങളില്‍ പിടിപ്പിക്കുകയും വേണം. ഇതെല്ലാം വളരെ സമയമെടുക്കുന്നതും വിലക്ഷണവും വിഷമംപിടിച്ചതുമാണ്. പ്രത്യേകിച്ചും ഇത്തരം മാറ്റിവയ്ക്കല്‍ പല തവണ നടത്തേണ്ടി വന്നാല്‍.
ആപ്പിള്‍ ഭാവിയില്‍ ഇറക്കാന്‍പോകുന്ന മാജിക് കീബോഡില്‍ കംപ്യൂട്ടിങ്ങിനു വേണ്ട പല ഭാഗങ്ങളും ഉള്‍ക്കൊള്ളിക്കാനാണ് ഉദ്ദേശമെന്ന് പുതിയ പേറ്റന്റില്‍ നിന്നു മനസ്സിലാകുന്നത്. ഒരു ലാപ്ടോപ് കൊണ്ടുപോകുന്നത്ര പോലും വിഷമമില്ലാതെ ഒരു കീബോഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കാം. കീബോഡില്‍ ട്രാക്ക്പാഡും ഉണ്ടായിരിക്കും. ഇതിനാല്‍ മൗസിന്റെ ആവശ്യവും ഇല്ലാതാക്കാം. നിശ്ചിത പ്രകടന മികവോടു കൂടി തന്നെ പുതിയ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനായേക്കുമെന്നാണ് കരുതപ്പെടുന്നത്.
കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയത്ത് ഉണ്ടായേക്കാവുന്ന ചൂട് പുറത്തുവിടാനുള്ള ഒന്നോ ഒന്നിലേറെയോ ദ്വാരങ്ങളും ഇട്ട് വായു സഞ്ചാരം ഉറപ്പാക്കുന്നു. വായു സഞ്ചാരത്തിനു വേണ്ട ഫാനുകള്‍ പോലെയുള്ള ഭാഗങ്ങളും ഉറപ്പിച്ചേക്കാം. ഇതടക്കം ചൂടു പുറന്തള്ളാനുള്ള തെര്‍മല്‍ മാനേജ്മെന്റ് പുതിയ കംപ്യൂട്ടറില്‍ കൊണ്ടുവന്നേക്കാം. ഇതിനായി പല വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും പുതിയ കംപ്യൂട്ടര്‍ ഉണ്ടാക്കുക. ചെമ്പ്, അലൂമിനം, പിച്ചള, സ്റ്റീല്‍, വെങ്കലം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്തിയേക്കും. ഇതെല്ലാം വിവരിക്കുന്ന തങ്ങളുടെ പേറ്റന്റ് അപേക്ഷ 63067783 ആപ്പിള്‍ 2020 ഓഗസ്റ്റില്‍ നല്‍കിയതാണ്. യുഎസ് പേറ്റന്റ് ഓഫിസ് അപേക്ഷയുടെ നമ്പര്‍ ഇപ്പോള്‍ പുറത്തുവിട്ടത് 20220057845 എന്നാണ്.
പുതിയ ഉപകരണം മാക് മിനിയെ പോലെയായിരിക്കും പ്രവര്‍ത്തിക്കുക. മാക് മിനി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കീബോഡും മൗസും ഒക്കെ വേണം. പുതിയ കീബോഡ് കംപ്യൂട്ടറിന് അധിക ഭാഗങ്ങള്‍ വേണ്ടിവന്നേക്കില്ല. കൂടാതെ, അതു മടക്കാനും സാധിച്ചേക്കുമെന്ന് പറയുന്നു. വൈ-ഫൈക്കു പുറമെ ഇതിനുളളില്‍ മൊബൈല്‍ ഡേറ്റ സ്വീകരിക്കാനുള്ള സെല്ലുലാര്‍ ആന്റിനയും പിടിപ്പിച്ചേക്കാം.
മികച്ച പ്രകടനം നടത്തുന്ന ഇത്തരം കംപ്യൂട്ടിങ് ഉപകരണങ്ങള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ട് എന്നും പേറ്റന്റ് അപേക്ഷയില്‍ ആപ്പിള്‍ പറയുന്നു. പ്രോസസറുകള്‍ക്കും മെമ്മറിക്കും പുറമെ ബാറ്ററിയും ഇതിനുള്ളില്‍ പിടിപ്പിച്ചേക്കും. ഇതെല്ലാം വലുപ്പം കുറച്ചുമായിരിക്കും നിര്‍മിച്ചെടുക്കുക. ബ്രെറ്റ് ഡബ്ല്യു ഡെങ്ഗര്‍ അടക്കം മൂന്നു പേരുടെ പേരിലാണ് പേറ്റന്റ് അപേക്ഷ.
സേര്‍ച്ച് എന്‍ജിനുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന ഒരു പോഡ്കാസ്റ്റ് കഴിഞ്ഞ വര്‍ഷം ജോ റോഗന്‍ നടത്തിയെന്ന് ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനു ശേഷം കോണ്‍സ്പിരസി തിയറിക്കാര്‍ ഗൂഗിള്‍ ഉപേക്ഷിച്ച് ഡക്ഡക്ഗോ (ഡിഡിജി) സേര്‍ച്ച് എന്‍ജിന്‍ ഉപയോഗിച്ചു തുടങ്ങിയെന്നും പറയുന്നു. വാക്സീന്‍ എടുത്തതിനു ശേഷം മരിച്ചവരുടെ കൃത്യമായ എണ്ണത്തിനായി താന്‍ ഗൂഗിളില്‍ തിരഞ്ഞുവെന്നും അതു കിട്ടാത്തതിനാല്‍ ഡിഡിജി ഉപയോഗിക്കേണ്ടി വന്നു എന്നുമാണ് റോഗന്‍ പറഞ്ഞത്.
ഇതിനു ശേഷം വലതുപക്ഷ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും കോണ്‍സ്പിരസി തിയറിക്കാരും ഡിഡിജി പരീക്ഷിച്ചു നോക്കുകയും തങ്ങളുടെ വാദം ശരിവയ്ക്കുന്ന ലിങ്കുകള്‍ കണ്ടെത്തുകയും ചെയ്തുവന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റോഗനു പുറമെ, ബെന്‍ ഷാപ്പിറോ, ഡാന്‍ ബോംഗിനോ തുടങ്ങിയ കണ്‍സര്‍വേറ്റീവ് പോഡ്കാസ്റ്റര്‍മാരും ഡിഡിജിയെ പുകഴ്ത്തി രംഗത്തെത്തി. ഗൂഗിള്‍ ഇക്കാലമത്രയും പല വിവരങ്ങളും പൂഴ്ത്തിവയ്ക്കുകയായിരുന്നു എന്നാണ് അവര്‍ നിരീക്ഷിച്ചത്. അതേസമയം, ഗൂഢാലോചനാ വാദക്കാര്‍ എത്തിയതോടെ ഡിഡിജി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ടോ എന്നായി അന്വേഷണം. തങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നില്ല.
തങ്ങളുടെ ഉപയോക്താക്കളില്‍ എല്ലാത്തരം ഉപയോക്താക്കളും ഉണ്ടെന്ന് കമ്പനിയും പ്രതികരിച്ചു. പ്രശ്നമുണ്ടെന്നു കണ്ടെത്തുന്ന ലിങ്കുകള്‍ തങ്ങള്‍ ഫ്ളാഗ് ചെയ്യാറുണ്ടെന്നും ഡിഡിജി പ്രതികരിച്ചു. ഇതൊക്കെയാണെങ്കിലും ഏകദേശം 3 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് ഇപ്പോഴും ഡിഡിജി ഉപയോഗിക്കുന്നത്.
വിഡിയോ ഷൂട്ടര്‍മാരെ ലക്ഷ്യംവച്ച് ഇറക്കിയിരിക്കുന്ന ക്യാനന്റെ ഹൈബ്രിഡ് ക്യാമറയായ ആര്‍5 സി (https://bit.ly/3C1suBe) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന് 8കെ റോ വിഡിയോ വരെ റെക്കോഡ് ചെയ്യാനാകും. ഈ 45എംപി ഫുള്‍ ഫ്രെയിം സെന്‍സറുള്ള ക്യാമറ ഏപ്രിലില്‍ മുതലായിരിക്കും വില്‍പന. പുതിയ ക്യാമറയുടെ വില ക്യാനന്‍ പുറത്തുവിട്ടു- 3,99,900 രൂപ.
റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി മാര്‍ച്ച് 9ന് ഇന്ത്യയിലെത്തും. ഇതിന്റെ 4ജി വേര്‍ഷനും ലഭ്യമാക്കും. ഇവ രണ്ടും തമ്മില്‍ ക്യാമറ പിടിപ്പിച്ചിരിക്കുന്ന രീതിയിലടക്കം വ്യത്യാസം കണ്ടെത്താനാകും. സ്നാപ്ഡ്രാഗണ്‍ 695 ആണ് 5ജി മോഡലിന്റെ പ്രോസസര്‍. അതേസമയം 4ജി മോഡല്‍മീഡിയാടെക് ഹെലിയോ ജി96 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നു. രണ്ടു മോഡലുകളുടെയും പ്രധാന ക്യാമറയ്ക്ക് 108 എംപി റെസലൂഷനാണ് ഉള്ളത്. കൂടാതെ, 8എംപി അള്‍ട്രാവൈഡ്, 2എംപി ഡെപ്ത് സെന്‍സര്‍ തുടങ്ങിയവയും ഉണ്ട്. ഇവയില്‍, 4ജി ഫോണിന്റെ വില 18,000 രൂപയിലായിരിക്കാം തുടങ്ങുന്നതെങ്കില്‍, 5ജി മോഡലിന് 20000 രൂപയ്ക്കു മുകളിലായിരിക്കാം വില തുടങ്ങുന്നത്.
ഒപ്പോയുടെ ആദ്യ ടാബ്ലറ്റ് കംപ്യൂട്ടര്‍ ഒപ്പോ പാഡ് അവതരിപ്പിച്ചു. ഇതിന് 11-ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയാണ് ഉള്ളത്. സ്‌ക്രീനിന് 120ഹെട്സ് വരെ റിഫ്രഷ് റെയ്റ്റും ഉണ്ട്. ക്വാല്‍കം 870 പ്രോസസര്‍ ശക്തിപകരുന്ന ടാബിന് 13എംപി പിന്‍ ക്യാമറയും നാലു സ്പീക്കര്‍ സംവിധാനവും ഉണ്ട്. ഇതിന് 8 ജിബി അല്ലെങ്കില്‍ 6ജിബി വേരിയന്റുകളും ഉണ്ട്. കാന്തിക കീബോഡ്, സ്റ്റൈലസ് സപ്പോര്‍ട്ട് തുടങ്ങിയവയും കാണാം. ചൈനയില്‍ അവതരിപ്പിച്ച ഒപ്പോ പാഡിന്റെ തുടക്ക വേരിയന്റിന് വില ഏകദേശം 27,470 രൂപയായിരിക്കും വില.