Home ആരോഗ്യം കോവിഡിന്റെ ഗതിമാറ്റത്തിന് കാരണമായേക്കാവുന്ന ഒമൈക്രോണ്‍ അതീവ അപകടകാരി; ലോകാരോഗ്യസംഘടന

കോവിഡിന്റെ ഗതിമാറ്റത്തിന് കാരണമായേക്കാവുന്ന ഒമൈക്രോണ്‍ അതീവ അപകടകാരി; ലോകാരോഗ്യസംഘടന

മൈക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയുടെ ഗതിമാറ്റത്തിന് തന്നെ കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോള വ്യാപനവും ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. 57 രാജ്യങ്ങളില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വേഗം പടരാമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രയേസൂസ് മുന്നറിയിപ്പ് നല്‍കി.

ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനനിരക്ക് ക്രമമായി ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനനിരക്കിലെ വര്‍ധന കണക്കാക്കി വരുന്നതേയുള്ളു. കോവിഡ് ഒരിക്കല്‍ ബാധിച്ചവരില്‍ വീണ്ടുമൊരു വൈറസ് ബാധയ്ക്ക് ഒമൈക്രോണ്‍ കാരണമാകാമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും ഡബ്യുഎച്ച്ഒ മേധാവി പറഞ്ഞു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രമായ രോഗലക്ഷണങ്ങള്‍ ഇതു വരെയും ഒമൈക്രോണ്‍ ബാധിതരില്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. എന്നാല്‍ അത്തരം നിഗമനങ്ങളിലേക്ക് എത്തിച്ചേരാന്‍ സമയമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. വ്യാപനശേഷി കൂടുന്നത് മൂലം വൈറസ് മൂലമുള്ള അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്ന് ഡബ്യുഎച്ച്ഒ ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക് റയാന്‍ പറഞ്ഞു.

ഒമൈക്രോണ്‍ നിലവിലെ വാക്സീനുകളുടെ കാര്യക്ഷമത ഗണ്യമായി കുറച്ചെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ സൂചിപ്പിച്ചു. കോവിഡ് നിരീക്ഷണവും, പരിശോധനയും വൈറസിന്റെ ജനിതക സീക്വന്‍സിങ്ങും രാജ്യങ്ങള്‍ വര്‍ധിപ്പിക്കണം. ഡബ്യുഎച്ച്ഒ ക്ലിനിക്കല്‍ ഡേറ്റ പ്ലാറ്റ്ഫോമിലേക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ ഡേറ്റ കൈമാറാനും ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ സിറോപ്രിവലന്‍സ് 60 മുതല്‍ 80 ശതമാനം വരെയുണ്ട്. വാക്സിനേഷന്‍ കവറേജ് 35 ശതമാനവും. എന്നിട്ടും ഒമൈക്രോണ്‍ അതിവേഗം പടരുകയാണ്. ഇത് ഒരിക്കല്‍ വന്നവരില്‍ വീണ്ടും കോവിഡ് ബാധിക്കാമെന്ന ഭീഷണിയാണ് കാണിക്കുന്നത്. ഒമൈക്രോണ്‍ വകഭേദത്തില്‍ വൈറസിന് മ്യൂട്ടേഷന്‍ സംഭവിക്കുന്നുണ്ടോ, വാക്സിനെ മറികടക്കാന്‍ ശേഷി കൈവരിച്ചോ എന്നിവയില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ രോഗതീവ്രത കുറവാണെന്നാണ് സൂചനകളെങ്കിലും പരമാവധി വാക്സിന്‍ നല്‍കുക, സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.