Home ആരോഗ്യം സിഫിലിസ് എന്ന ലൈംഗികരോഗം; ലക്ഷണങ്ങള്‍ അറിയാം

സിഫിലിസ് എന്ന ലൈംഗികരോഗം; ലക്ഷണങ്ങള്‍ അറിയാം

ലൈംഗിക ബന്ധത്തിലൂടെ പടരുന്ന പലതരം രോഗങ്ങളുണ്ട്. ലൈംഗിക രോഗത്തെ തടയാന്‍ പ്രയാസമാണെങ്കിലും അവയുടെ വ്യാപനം പടരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാം. ലൈംഗിക ബന്ധ സമയത്ത് ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് ആദ്യ പടി.

ഇടയ്ക്കിടെ ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തേണ്ടതാണ്. പങ്കാളികള്‍ക്കും ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. ലൈംഗിക രോഗങ്ങളിലൊന്നാണ് ‘സിഫിലിസ്’ (syphilis). ട്രെപോണെമാ പല്ലിഡം (Treponema pallidum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലിസ്.

അടുത്ത സമ്പര്‍ക്കത്തിലൂടെ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരാം. 2016-ല്‍ അമേരിക്കയില്‍ 88,000-ലധികം സിഫിലിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നത്.

ലൈംഗിക അവയവങ്ങളില്‍ കൂടിയോ മലാശയത്തില്‍ കൂടിയോ ആണ് ബാക്ടീരിയ പ്രധാനമായും പകരുക. വ്രണങ്ങള്‍, പുണ്ണുകള്‍, തടിപ്പുകള്‍, മുറിവുകള്‍ തുടങ്ങിയവയാണ് സിഫിലിസ് ബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. ലൈംഗിക ഭാഗങ്ങള്‍, വായ്ക്കുള്‍വശം, കൈപ്പത്തി എന്നിവിടങ്ങളിലാവും വ്രണങ്ങള്‍ ഉണ്ടാവുന്നത്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതാണ് രോഗബാധ തടയാനുള്ള ഫലപ്രദമായ മാര്‍ഗം. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാം. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കുക.