Home Uncategorized ആവശ്യത്തിന് ഉറങ്ങിയാല്‍ സ്ട്രസ് കുറയുമോ?; അറിയാം

ആവശ്യത്തിന് ഉറങ്ങിയാല്‍ സ്ട്രസ് കുറയുമോ?; അറിയാം

മാനസിക സമ്മര്‍ദ്ദം ( Mental Stress ) കൂടാന്‍ നിരവധി സാഹചര്യങ്ങളുണ്ട് നമുക്ക്. തിരക്ക് പിടിച്ച ജീവിതരീതിയും ജോലിയുമെല്ലാം ഇതിന് കാരണങ്ങളാണ്. അധികവും ജോലിസ്ഥലത്ത് നിന്നുള്ള പ്രശ്നങ്ങള്‍ തന്നെയാണ് മിക്കവരിലും ‘സ്ട്രെസ്’ സൃഷ്ടിക്കുന്നത്. ഈ ‘സ്ട്രെസ’ അകന്നുപോകാനാണെങ്കില്‍ ആവശ്യത്തിന് വിശ്രമം ലഭിക്കണമെന്നും ഉറക്കം ഉറപ്പിക്കണമെന്നാണ് നമുക്ക് ലഭിക്കുന്ന ആദ്യത്തെ നിര്‍ദേശം.

എന്നാല്‍ ഇത്തരത്തില്‍ ഉറങ്ങുന്നത് കൊണ്ട് മാത്രം ‘സ്ട്രെസ്’ ഇല്ലാതാകില്ല എന്നാണ് പുതിയ കണ്ടെത്തല്‍. ‘സേക്രഡ് റെസ്റ്റ്: റിക്കവര്‍ യുവര്‍ ലൈഫ്, റിന്യൂ യുവര്‍ എനര്‍ജി,റിന്യൂ യുവര്‍ സാനിറ്റി’ എന്ന പുസ്തകത്തില്‍ ഡോ. സാന്ദ്ര ഡാല്‍ട്ടണ്‍ സ്മിത്ത് പറയുന്നത് മനുഷ്യര്‍ക്ക് ഏഴ് തരത്തിലുള്ള വിശ്രമം ആവശ്യമാണെന്നാണ്. ഇവയെല്ലാം ഉണ്ടെങ്കില്‍ മാത്രമേ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പൂര്‍ണമായി രക്ഷ നേടാന്‍ കഴിയൂ എന്നും ഡോ. സാന്ദ്ര പറയുന്നു.

ആദ്യത്തേത് ശരീരത്തിന്റെ വിശ്രമം തന്നെയാണ്. ശരീരത്തിന് എപ്പോഴും മതിയായ വിശ്രമം നല്‍കണം. ഇത് നല്‍കിയില്ലെങ്കില്‍ ക്ഷീണം, കണ്‍പോളകളില്‍ കനം, തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ശരീരത്തിന് രണ്ട് തരത്തില്‍ വിശ്രമം നല്‍കാം. ഒന്ന് ഉറക്കം, രണ്ട് ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെയുള്ള വിശ്രമം. ഒരുപക്ഷേ ഈ സമയത്ത് യോഗയോ മറ്റോ പരിശീലിക്കുകയും ആവാം.

രണ്ടാമതായി വരുന്ന വിശ്രമം, ക്രിയാത്മകമായ വിശ്രമമാണ്. ക്രിയാത്മകമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ ഇതിന് കഴിയാതെ വരുമ്പോള്‍ മനസ് അസ്വസ്ഥമാകാറുണ്ട്. കരിയറും ഉള്ളിലെ ആഗ്രഹവും രണ്ടായിരിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങള്‍ എപ്പോഴും കാണാം. ഇത്തരക്കാര്‍ ചെറിയൊരു നടത്തത്തിലൂടെയോ, ‘ഗാര്‍ഡനിംഗ്’ പോലുള്ള വിനോദങ്ങളിലൂടെയോ മനസിന് വിശ്രമം നല്‍കേണ്ടതാണ്.

ശരീരത്തിനൊപ്പം തന്നെ മനസിനും വിശ്രമം ആവശ്യമാണെന്ന് നമുക്കറിയാം. ഇത് ഉറക്കത്തിലൂടെ മാത്രം സാധ്യമാകുന്നതല്ല. സമാധാനമായ അന്തരീക്ഷമാണ് മനസിന്റെ വിശ്രമത്തിന് ആവശ്യം. സമ്മര്‍ദ്ദം നല്‍കുന്ന ജോലികളില്‍ നിന്ന് ഇടവേളയെടുത്ത് സമാധാനം നല്‍കുന്ന അന്തരീക്ഷത്തില്‍ അല്‍പനേരം ചെലവിടുക. മറ്റ് തിരക്കുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറിനില്‍ക്കുകയും ആവാം.

ശരീരത്തിന് വിശ്രമം ഉറപ്പിക്കുന്നതിനൊപ്പം സദാസമയവും നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്ണുകള്‍, കാതുകള്‍, മൂക്ക്, ചെവികള്‍ എന്നിവയ്ക്കും വിശ്രമം ഉറപ്പ് വരുത്തണം. ഗാഡ്ഗെറ്റുകളുടെ അമിതോപയോഗം ഒഴിവാക്കുക. അതുപോലെ എപ്പോഴും ശബ്ദങ്ങളുടെ ഇടയില്‍ തുടരരുത്. മറ്റ് അവയവങ്ങളുടെ കാര്യത്തിലും ഈ വിശ്രമം ഉറപ്പാക്കുക.

പലപ്പോഴും അധികപേരും ചിന്തിക്കാത്തതാണ് വൈകാരികമായി മനുഷ്യര്‍ക്ക് വേണ്ട വിശ്രമങ്ങളെ കുറിച്ച്… മനുഷ്യര്‍ നിത്യേന വൈകാരികമായ പല ഇടപാടുകളിലും ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വൈകാരികമായ വിശ്രമവും മനുഷ്യന് ആവശ്യമാണ്.

സന്തോഷം തോന്നുന്ന സൗഹൃദങ്ങളുടെ കൂടെ സമയം ചെലവിടുക. വിനോദപരിപാടികളുമായി മുന്നോട്ട് പോവുക. അങ്ങനെ വൈകാരികതകളില്‍ നിന്ന് വേര്‍പെടുത്തി, മനസിന് വിശ്രമം നല്‍കാന്‍ ശ്രമിക്കുക.

മനുഷ്യന്‍ സാമൂഹികജീവിയാണ്. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും നാം ഇടയ്ക്ക് അല്‍പം മാറിനില്‍ക്കേണ്ടതുണ്ട്. ഒറ്റയ്ക്കോ, അല്ലെങ്കില്‍ അത്രയും അടുപ്പമുള്ളവര്‍ക്കൊപ്പമോ മാത്രം സമയം ചെലവിട്ടുകൊണ്ടാണ് സാമൂഹികമായ വിശ്രമം ഉറപ്പാക്കേണ്ടത്.

ആത്മീയമായ വിശ്രമം ആവശ്യമായവരും ഉണ്ട്. ചില സമയങ്ങളില്‍ സ്നേഹത്തിനും. മനസിലാക്കലിനും, അംഗീകാരത്തിനും വേണ്ടി മനുഷ്യര്‍ക്ക് അതിയായ കൊതി തോന്നാം. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മളെ മനസിലാകുമെന്ന് ഉറപ്പുള്ള, സമാനമായ ചിന്താഗതിയുള്ളവര്‍ക്കൊപ്പം ചേരാം. ഈ ഒത്തുചേരലില്‍ നിറവും സംതൃപ്തിയും അനുഭവപ്പെടാം. ഇത് വളരെ പ്രധാനമാണ്.