Home അറിവ് മനുഷ്യര്‍ 130 വയസ് വരെ ജീവിക്കും!!; പുതിയ പഠനഫലം പുറത്ത്

മനുഷ്യര്‍ 130 വയസ് വരെ ജീവിക്കും!!; പുതിയ പഠനഫലം പുറത്ത്

മീപഭാവിയില്‍ മനുഷ്യന്റെ ആയുസ് വര്‍ധിക്കുമെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ പരമാവധി പ്രായം 125 വയസ് മുതല്‍ 130 വയസ് വരെ ഉയര്‍ന്നേക്കാമെന്നാണു പഠനത്തില്‍ പറയുന്നത്. യുഎസിലെ വാഷിങ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കല്‍ പീര്‍സ്, ആഡ്രിയന്‍ റാഫ്റ്ററി എന്നിവരാണ് ഇതെക്കുറിച്ച് പഠനം നടത്തിയത്.

ജര്‍മനിയിലെ പ്രശസ്തമായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡേറ്റ ഉപയോഗിച്ചായിരുന്നു ഇവരുടെ ഗവേഷണം. ഫലങ്ങള്‍ ഡെമോഗ്രഫിക് റിസര്‍ച് എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളില്‍ നൂറുവയസ്സിനു മേല്‍ ജീവിക്കുന്ന മനുഷ്യരുടെ എണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ ആയുസ്സ് നേടിയിട്ടുണ്ടെന്നാണു രേഖപ്പെടുത്തിയ കണക്കുകള്‍ പറയുന്നത്. എന്നാല്‍ അധികം പേരും 100 മുതല്‍ 110 വയസ്സിനിടയില്‍ അന്തരിക്കാറുണ്ടെന്നാണു പൊതുവെ കാണപ്പെടുന്നത്. ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി 118 വയസ്സുള്ള കേന്‍ ടനാകെയാണ്. രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്നെന്ന റിക്കോര്‍ഡ് 1997ല്‍ അന്തരിച്ച ഫ്രഞ്ചുകാരി ജീന്‍ കാല്‍മെന്റിനുള്ളതാണ്. രണ്ടു ലോകമഹായുദ്ധങ്ങളും തന്റെ യുവത്വത്തില്‍ തന്നെ കണ്ട ജീനിന്റെ മരിക്കുമ്പോഴുള്ള പ്രായം 122 വയസ്സായിരുന്നു.

ഇത്തരം അതി ദീര്‍ഘായുസ്സിന്റെ തോത് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 125 മുതല്‍ 130 വയസ്സ് വരെയാകുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. 2100 ആകുമ്പോഴേക്ക് ഒരു വ്യക്തിയെങ്കിലും 130 വയസ്സ് പിന്നിടും. നിലവില്‍ ആരോഗ്യ, ഭക്ഷണമേഖലകളിലുണ്ടായ ശാസ്ത്രീയമായ വികാസവും മെച്ചപ്പെട്ട രീതികളുമാണ് ഈ ദീര്‍ഘായുസ്സിനു കാരണമാകുന്നതെന്നാണു ഗവേഷകരുടെ അഭിപ്രായം. വരും നാളുകളില്‍ ഇതു കൂടുതല്‍ മെച്ചപ്പെടുകയും കൂടുതല്‍ ആയുസ്സ് ഇതിന്റെ ഫലമായി സംഭവിക്കുകയും ചെയ്യും. എന്നാല്‍ ഇതിനര്‍ഥം എല്ലാ മനുഷ്യരും 130 വയസ്സ് വരെ ജീവിക്കുമെന്നല്ലെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

അടുത്ത കാലത്ത് ജീറോ എന്ന സിംഗപ്പൂര്‍ ബയോടെക് കമ്പനി നൂറ്റിയന്‍പതിലധികം ആളുകളില്‍ നിന്നുള്ള സ്മാര്‍ട് വാച്ച് വിവരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വിലയിരുത്തി വരും കാലത്തെ ആളുകള്‍ 150 വയസ്സു വരെ ജീവിച്ചേക്കാമെന്നു പ്രവചിച്ചത് വാര്‍ത്തയായിരുന്നു.

നിലവില്‍ ഏറ്റവും കൂടുതല്‍ ശരാശരി ആയുസ്സുള്ള സ്ഥലം വേള്‍ഡോമീറ്റേഴ്സ് എന്ന ഡേറ്റ അനാലിസിസ് വെബ്സൈറ്റിന്റെ വിവരം പ്രകാരം ഹോങ്കോങ്ങാണ്. 85.29 വയസ്സാണു ഹോങ്കോങ്ങിലെ ശരാശരി ആയുസ്സ്. രണ്ടാം സ്ഥാനത്തു ജപ്പാന്‍. മക്കാവു, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, ഇറ്റലി, സ്പെയിന്‍, ഓസ്ട്രേലിയ, ഐസ്ലന്‍ഡ് എന്നീ രാജ്യങ്ങളെല്ലാം ആദ്യ പത്തിലുണ്ട്.

ഇന്ത്യയുടെ ശരാശരി ആയുസ്സ് വേള്‍ഡോമീറ്റേഴ്സ് കണക്കു പ്രകാരം 70.42 വര്‍ഷമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യങ്ങളായി സൂചിക കണക്കാക്കുന്നത്. കാമറൂണ്‍, ഇക്വിറ്റോറിയല്‍ ഗിനിയ, ഐവറി കോസ്റ്റ്, തെക്കന്‍ സുഡാന്‍, സൊമാലിയ, സിയറ ലിയോണ്‍, നൈജീരിയ, ലെസോതോ, ചാഡ് എന്നിവയെല്ലാം ശരാശരി ആയുസ്സ് കുറഞ്ഞ അവസാന 10 രാജ്യങ്ങളുടെ പട്ടികയിലുണ്ട്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് ലോകത്ത് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യം. 54.36 വയസ്സാണ് ഇവിടത്തെ ശരാശരി ആയുസ്സ്.