Home വാണിജ്യം മെസേജുകള്‍ എപ്പോള്‍ അപ്രത്യക്ഷമാകണമെന്ന് ഇനി ഉപയോക്താവിന് തീരുമാനിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്

മെസേജുകള്‍ എപ്പോള്‍ അപ്രത്യക്ഷമാകണമെന്ന് ഇനി ഉപയോക്താവിന് തീരുമാനിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്

മെസേജുകള്‍ അപ്രത്യക്ഷമാകുന്നതിന് സമയപരിധി നിശ്ചയിക്കാന്‍ ഉപയോക്താവിന് അനുമതി നല്‍കുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്. നിലവില്‍ ഏഴു ദിവസം കഴിഞ്ഞാണ് മെസേജുകള്‍ അപ്രത്യക്ഷമാകുന്നത്. പകരം മെസേജുകള്‍ അപ്രത്യക്ഷമാകുന്നതിന് ഉപയോക്താവിന് തന്നെ സമയപരിധി നിശ്ചയിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചറെന്ന് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് അറിയിച്ചു.

ഇതിനായി വാട്സ്ആപ്പില്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സമയപരിധി നിശ്ചയിച്ച് നല്‍കിയാല്‍ എല്ലാ മെസേജുകളും നിര്‍ദിഷ്ട സമയത്ത് സ്വമേധയാ അപ്രത്യക്ഷമാകുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. നിലവില്‍ മെസേജുകള്‍ ഏഴുദിവസം കഴിഞ്ഞാണ് അപ്രത്യക്ഷമാകുക. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

പുതിയ ഫീച്ചര്‍ അനുസരിച്ച് മെസേജുകള്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ അപ്രത്യക്ഷമാകാന്‍ ഓപ്ഷന്‍ നല്‍കാവുന്നതാണ്. പരമാവധി 90 ദിവസം വരെ സമയപരിധി നിശ്ചയിച്ച് നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയത്. ഡിഫോള്‍ട്ട് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നത് കൊണ്ട് നിലവിലുള്ള മെസേജുകളെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.

പുതിയ മെസേജ് വരുമ്പോള്‍, മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് സന്ദേശം അപ്രത്യക്ഷമാകുമെന്ന അറിയിപ്പ് നല്‍കിയ ശേഷമാണ് നടപടി പൂര്‍ത്തിയാകുക. ഓരോ ഉപയോക്താവിനും മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഓഫ് ചെയ്ത് വെയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പുതിയ ഡിഫോള്‍ഡ് സെറ്റിംഗ്സ് ഗ്രൂപ്പ് ചാറ്റുകളെ ബാധിക്കില്ലെന്നും വാട്സ്ആപ്പ് അറിയിച്ചു.