Home ആരോഗ്യം കോവിഡ് മൂന്നാം തരംഗം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍; കുട്ടികള്‍ക്ക് ഗുരുതരമായേക്കില്ല: എയിംസ് ഡയറക്ടര്‍

കോവിഡ് മൂന്നാം തരംഗം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍; കുട്ടികള്‍ക്ക് ഗുരുതരമായേക്കില്ല: എയിംസ് ഡയറക്ടര്‍

കോവിഡ് മൂന്നാം തരംഗം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ രാജ്യത്ത് സംഭവിച്ചേക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. എന്നാല്‍ രണ്ടാം തരംഗത്തെ പോലെ ഗുരുതരമാകില്ലെന്നും വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കുന്നതും രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടിനും കോവിഡിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ ആന്റിബോഡി ഉണ്ടായതായി കണ്ടെത്തിയതും പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതും ജനം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതിരിക്കുന്നതും കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്നാണ് വിവിധ പഠനറിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ ഇങ്ങനെ ചിന്തിക്കുന്നില്ലെന്നും രണ്‍ദീപ് ഗുലേറിയ പറയുന്നു.

കോവിഡ് ഒന്ന്, രണ്ട് തരംഗങ്ങളില്‍ കുട്ടികളിലും വൈറസ് ബാധ കണ്ടെത്തിയിരുന്നു. നേരിയ ലക്ഷണങ്ങളോടെ രോഗം വന്ന് പോയി. കൂടാതെ ആറ് വയസിന് മുകളിലുള്ള രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിനും ശരീരത്തില്‍ ആന്റിബോഡി ഉണ്ടായതായുള്ള കണ്ടെത്തലും പ്രതീക്ഷ നല്‍കുന്നതാണെന്നും എയിംസ് ഡയറക്ടര്‍ പറയുന്നു.

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ തന്നെ വിതരണത്തിന് എത്തും. പ്രമുഖ കമ്പനികളായി ഭാരത് ബയോടെക്കും സൈഡസ് കാഡിലയുമാണ് വാക്‌സിന്‍ വികസിപ്പിച്ചത്. സൈഡസ് കാഡിലയുടെ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാതി. സെപ്റ്റംബറില്‍ വാക്‌സിന്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.