Home ആരോഗ്യം ചൂട് കാലമാണ്, ആഹാരത്തിലും വേണം ചിലത് ശ്രദ്ധിക്കാന്‍

ചൂട് കാലമാണ്, ആഹാരത്തിലും വേണം ചിലത് ശ്രദ്ധിക്കാന്‍

വേനല്‍ക്കാലം പൊതുവെ പല തരത്തിലുളള രോഗങ്ങള്‍ വരുന്ന സമയമാണ്. ഇപ്പോള്‍ പകല്‍സമയങ്ങളിലെ കനത്തചൂടും പുലര്‍ച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലാകാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ശരീരതാപനില, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.സൂര്യാഘാതം മാത്രമല്ല മറ്റ് പലരോഗങ്ങള്‍ കൂടി വേനല്‍ക്കാലത്ത് ഉണ്ടാകാം.

ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. വേനല്‍ക്കാലത്ത് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം….

ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം.
നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
വയര്‍ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക.
വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ എന്നിവ ഉള്‍പ്പെടുത്തുക.
മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ അകറ്റി നിര്‍ത്തും.
ഇടനേരങ്ങളില്‍ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കുക.
ഫാസ്റ്റ് ഫുഡുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.
എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും.
വേനലില്‍ ഉന്മേഷം ലഭിക്കാന്‍ ഉത്തമമായ പാനീയമാണ് ഇളനീര്‍. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു.