Home കൃഷി തോട്ടത്തിലെ കളകളെ നശിപ്പിക്കാന്‍ പഞ്ചസാര: ഉപയോഗിക്കേണ്ടതിങ്ങനെ

തോട്ടത്തിലെ കളകളെ നശിപ്പിക്കാന്‍ പഞ്ചസാര: ഉപയോഗിക്കേണ്ടതിങ്ങനെ

ധുരത്തിന് വേണ്ടി ഉപയോഗിക്കുന്ന പഞ്ചസാരക്ക് വേറെയുമുണ്ട് ഗുണങ്ങള്‍. ഇത് നമ്മുടെ പൂന്തോട്ടത്തിലെ കളകളെ നശിപ്പിക്കാനുള്ള നല്ലൊരു മരുന്നാണെന്ന് എത്ര പേര്‍ക്കറിയാം. വിവിധ സര്‍വകലാശാലകളിലെയും ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗത്തിലുള്ളവരും കാര്‍ഷിക മേഖലയിലെ ഗവേഷകരുമെല്ലാം പഞ്ചസാരയ്ക്ക് കളകളെ നശിപ്പിക്കാനുള്ള കഴിവിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തിയിരുന്നു.

സുരക്ഷിതമായ കളനാശിനിയായി പഞ്ചസാര എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. നൈട്രജനാണ് ചെടികളില്‍ പച്ചപിടിച്ച ഇലകള്‍ തഴച്ച് വളരാനും മറ്റുള്ള പോഷകമൂല്യങ്ങള്‍ ആഗിരണം ചെയ്യാനും സഹായിക്കുന്നത്. സാധാരണ കമ്പോസ്റ്റ് നല്‍കുന്നത് വഴി നൈട്രജന്‍ ചെടികളിലെത്തുന്നുണ്ട്. കാര്‍ബണ്‍ അടങ്ങിയ പദാര്‍ഥമാണ് പഞ്ചസാര. നൈട്രജന്റെ അംശമില്ലാത്തതുകൊണ്ട് കളകളില്‍ ഇത് പ്രയോഗിച്ചാല്‍ വളര്‍ച്ചാനിരക്ക് കുറയ്ക്കും. ഇതിലൂടെ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ തോട്ടത്തിലെ കളകളെ ഒഴിവാക്കാം.

മണ്ണിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് കളകളെ നശിപ്പിക്കുന്നതിന് പകരം പഞ്ചസാര ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 240 മി.ലി പഞ്ചസാരയെടുത്ത് കളകളുടെ വേരുകളില്‍ വിതറുക. മറ്റുള്ള ചെടികളെ ഒഴിവാക്കി പഞ്ചസാര വിതറാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു ദിവസം കഴിഞ്ഞ് കളകള്‍ക്കുള്ള മാറ്റം നിരീക്ഷിക്കുക. നശിച്ചുപോകുന്നതുപോലെയുള്ള മാറ്റം കാണുന്നില്ലെങ്കില്‍ വീണ്ടും ഒരുപിടി പഞ്ചസാര വിതറിക്കൊടുക്കണം.

നൈട്രജന്‍ അടങ്ങിയ രാസവളങ്ങള്‍ ചേര്‍ക്കുമ്പോള്‍ കൂടുതല്‍ ഉപ്പിന്റെ അംശവും മണ്ണില്‍ കലരുന്നു. ഇതുകാരണം വേരുകളുടെ വളര്‍ച്ച ക്ഷയിക്കുന്നു. പുല്‍ത്തകിടികളിലെ കളകള്‍ ഒഴിവാക്കാനായി പഞ്ചസാര ചേര്‍ത്തുകൊടുക്കുമ്പോള്‍ മണ്ണിലെ നൈട്രജന്റെ അംശം ആഗിരണം ചെയ്യാനായി പുല്ലിന്റെ വേരുകളെ പ്രേരിപ്പിക്കുന്നു. ക്രമേണ കളകള്‍ വളരാനായി വലിച്ചെടുക്കുന്ന നൈട്രജനെ ക്ഷയിപ്പിക്കുകയും പുല്‍ത്തകിടിയിലെ പുല്ല് ഈ നൈട്രജന്‍ വലിച്ചെടുത്ത് പച്ചപിടിച്ച് വളരുകയും ചെയ്യും.

പുല്‍ത്തകിടിയില്‍ പൗഡര്‍ രൂപത്തിലുള്ള പഞ്ചസാര വിതറാം. കരിമ്പിന്റെയും മുന്തിരിയുടെയും പഞ്ചസാരയുടെ അംശമുള്ള ഒരുതരം മധുരക്കിഴങ്ങായ ഷുഗര്‍ ബീറ്റിന്റെയും ചേരുവകളുടെ ഉപോത്പന്നമായ മൊളാസസ്സ് ചെടികള്‍ക്ക് നല്ലൊരു വളമായി ഉപയോഗിക്കാവുന്നതാണ്. 420 മി.ലി മൊളാസസ്സില്‍ 38 ലിറ്ററോളം വെള്ളം ചേര്‍ത്ത് പുല്‍ത്തകിടിയില്‍ സ്പ്രേ ചെയ്താലും കളകള്‍ നശിക്കും.

കൃത്യമായി പുല്‍ത്തകിടികളില്‍ വെള്ളമൊഴിക്കണം. പഞ്ചസാര അതുപോലെ ഇലകളില്‍ പറ്റിപ്പിടിച്ചാല്‍ പ്രാണികള്‍ വരാന്‍ സാധ്യതയുണ്ട്. കളകളില്‍ വിത്തുകള്‍ രൂപപ്പെടുന്നതിന് മുമ്പുതന്നെ വളര്‍ച്ചയുടെ ആരംഭത്തില്‍ കളനാശിനി പ്രയോഗിക്കണം.