Home നാട്ടുവാർത്ത പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആചാര ചടങ്ങായ കാല്‍ കഴുകിച്ചൂട്ട് തുടരാമെന്നു ഹൈക്കോടതി

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആചാര ചടങ്ങായ കാല്‍ കഴുകിച്ചൂട്ട് തുടരാമെന്നു ഹൈക്കോടതി

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആചാര ചടങ്ങായ കാല്‍ കഴുകിച്ചൂട്ട് തുടരാമെന്നു ഹൈക്കോടതി ഉത്തരവ്. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങ് ആണ് പന്ത്രണ്ട് നമസ്കാരമെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മതവിശ്വാസങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണം ഉണ്ടെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഭക്തര്‍ ബ്രാഹ്മണരുടെ കാല്‍കഴുകുന്നു എന്ന രീതിയില്‍ കഴിഞ്ഞ മാസം വന്ന വാര്‍ത്ത തെറ്റാണെന്നു കണ്ടെത്തിയതായും കോടതി വ്യക്തമാക്കി. ക്ഷേത്രത്തില്‍ കീഴ് ജാതിക്കാരെ കൊണ്ട് ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ചൂട്ട് നടത്തുന്നില്ല എന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. അബ്രാഹ്‌മണരെ കൊണ്ട് ബ്രാഹ്‌മണര്‍ക്ക് കാല്‍ കഴുകിച്ചൂട്ട് നടത്തുന്നു എന്ന വാര്‍ത്ത വിവാദമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയ കേസ്‌ എടുത്തത്.പൂര്‍ണ്ണതൃയീശ ക്ഷേത്രത്തില്‍ കാല്‍ കഴുകിച്ചൂട്ട് എന്ന വഴിപാട് നടക്കുന്നുണ്ട്. ഇത് അവർണ്ണർ സവർണ്ണരുടെ കാൽകഴുകുന്ന വഴിപാട് എന്ന രീതിയിൽ പ്രചരണം ഉണ്ടായി.എന്നാല്‍, നിജസ്ഥിതി വേറെയാണെന്നും കാല് കഴുകുന്നതും ഊട്ടുന്നതും ഒന്നും അബ്രാഹ്‌മണര്‍ അല്ല. ക്ഷേത്രം തന്ത്രി തന്നെയാണ് എന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.യഥാര്‍ത്ഥത്തില്‍ ഈ ചടങ്ങ് പന്ത്രണ്ട് നമസ്‌കാരം എന്ന ക്ഷേത്രാചരണമാണ്.

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ മേല്‍ശാന്തി, കീഴ്ശാന്തി മുതലായ പന്ത്രണ്ട് പൂജാരിമാരെ ക്ഷേത്ര മൂര്‍ത്തിയായ മഹാവിഷ്ണുവിന്റെ കേശവാദിയായ പന്ത്രണ്ട് നാമങ്ങള്‍ കൊണ്ട് മൂര്‍ത്തിയായി തന്നെ സങ്കല്പിച്ച് ഉപചാരം ചെയ്യലാണ് അതിന്റെ സങ്കല്‍പം. കേശവ, നാരായണ, മാധവ, ഗോവിന്ദ, വിഷ്ണു, മധുസൂദന, ത്രിവിക്രമ, വാമന, ശ്രീധര, ഋഷികേശ, പദ്മനാഭ, ദാമോദര എന്നിവയാണ് ദ്വാദശ നാമങ്ങള്‍. ഇവയോരോന്നും വിഷ്ണുവിന്റെ ഓരോ ഭാവങ്ങളുമാണ്. പന്ത്രണ്ട് പൂജാരിമാര്‍ ഈ പന്ത്രണ്ട് ഭാവങ്ങളുടെ പ്രതിനിധികളോ പ്രതിപുരുഷന്മാരോ ആയാണ് പന്ത്രണ്ട് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നത്. ഈ പന്ത്രണ്ട് പേരുകള്‍ കൊണ്ട് ഈ പന്ത്രണ്ട് പേരെ മൂര്‍ത്തിയുടെ പന്ത്രണ്ട് ഭാവങ്ങളായി സങ്കല്പിച്ചു സത്കരിക്കുകയാണ് ക്ഷേത്രാചാര്യന്‍.ക്ഷേത്രത്തിനകത്തു നടക്കുന്ന ചടങ്ങാണിത്.പാപരിഹാരത്തിനായെന്ന പേരിലാണ് വഴിപാട് നടക്കുന്നത്. ഇതിന്റെ ചെലവ് 20000 രൂപയാണ്.

പന്ത്രണ്ട് നമസ്കാരത്തെ സമാരാധന എന്നു പുനര്‍നാമകരണം ചെയ്ത കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.