Home വാഹനം ഇന്ത്യയിൽ ഇനി ഏകീകൃത ഡ്രൈവിങ് ലൈസന്‍സ്.

ഇന്ത്യയിൽ ഇനി ഏകീകൃത ഡ്രൈവിങ് ലൈസന്‍സ്.

രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇനി ഏകീകൃതസ്വഭാവമുള്ള ഡ്രൈവിങ് ലൈസന്‍സുകളായിരിക്കും നല്‍കുക. ഇതിനായി പുതിയ നിയമഭേദഗതികള്‍ കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. വാഹനം പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൈസന്‍സ് ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാവും പുതിയ ലൈസന്‍സ്. മൈക്രോചിപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ കാര്‍ഡിന്റെ ഏകോപനം ഉറപ്പാക്കുന്നതായിരിക്കും. നിറവും രൂപവും സുരക്ഷാസവിശേഷതകളും ഒന്നുതന്നെയായിരിക്കും. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ലൈസന്‍സില്‍ മൈക്രോ ചിപ്പ് അടക്കം ചെയ്യും. ക്യു ആര്‍ കോഡും രേഖപ്പെടുത്തും. ഏതു സംസ്ഥാനക്കാരനാണെന്നും ലൈസന്‍സ് നല്‍കിയ ആര്‍ടിഒയുടെ വിവരവും രേഖപ്പെടുത്തും. ലൈസന്‍സ് ഉടമയുടെ രക്ത ഗ്രൂപ്പും അവയവദാനത്തിനുള്ള താല്‍പര്യവുമെല്ലാം പുതിയ സ്മാര്‍ട്ട് കാര്‍ഡില്‍ നിന്ന് അറിയാന്‍ സാധിക്കും. ഇത് അപകടമുണ്ടാവുമ്പോഴുള്ള സാധ്യതകളെ മുന്നില്‍ കണ്ടാണെന്നാണ് വിലയിരുത്തല്‍. പുതിയതായി ലൈസന്‍സ് എടുക്കുന്നവര്‍ക്കു മാത്രമല്ല, പുതുക്കുന്നവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈന്‍സുകളാകും വിതരണം ചെയ്യുക. മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാന്‍ പൊലീസിനു സംവിധാനമില്ലാത്തതും വ്യാജ ലൈസന്‍സ് ഉടമകള്‍ക്ക് ഗുണകരമായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ ലൈസന്‍സ് മെച്ചപ്പെട്ടതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.ചില സംസ്ഥാനങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. അതുകൊണ്ടു തന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലൈസന്‍സ് സ്വന്തമാക്കിയ പലരും കേരളത്തിലെ നിരത്തുകളില്‍ വാഹനം ഓടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റ ലൈസന്‍സ് വരുന്നതോടെ വ്യാജ ലൈസന്‍സ് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും.