Home ആരോഗ്യം കുട്ടികള്‍ കോവിഡ് വാഹകരാകും; കൂടെ കാവസാക്കി രോഗവും

കുട്ടികള്‍ കോവിഡ് വാഹകരാകും; കൂടെ കാവസാക്കി രോഗവും

കുട്ടികളില്‍ കൊറോണ വൈറസ് പിടിമുറുക്കില്ലെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തല്‍. എ്ന്നാല്‍ ഇവര്‍ വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍. ചില സംഭവങ്ങള്‍ ഈ സാധ്യത ചൂണ്ടിക്കാട്ടുന്നതാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

നിലവില്‍ ഇന്ത്യയിലെ കണക്കുകള്‍ അനുസരിച്ച് 17 വയസില്‍ താഴെ എട്ട് ശതമാനം കുട്ടികളില്‍ മാത്രമേ കോവിഡ് 19 സ്ഥികീരിച്ചിട്ടൊള്ളു. അഞ്ചു വയസ്സില്‍ താഴെ ഈ കണക്ക് വളരെ കുറവാണ്. എന്നാല്‍ ഇവര്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ത്താനിടയുണ്ടെന്ന് ഭാര്‍ഗവ പറഞ്ഞു. മിസോറാമിലെ വൈറസ് വ്യാപനത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് കുട്ടികള്‍ രോഗ വാഹകരാകാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരില്‍ കാവസാക്കി രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. രക്തക്കുഴലുകളുടെ ഭിത്തിയില്‍ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് കവാസാക്കി രോഗം. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, കണ്ണിലും ചുണ്ടിലും ഉണ്ടാകുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്.

ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് രോഗികളില്‍ കവാസാക്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇന്ത്യയില്‍ അത്തരത്തിലുള്ള അനുഭവങ്ങള്‍ ഇല്ലെന്ന് ഭാര്‍ഗവ പറഞ്ഞു. ഈ രോഗം ചെറിയ കുട്ടികളില്‍ വളരെ പെട്ടെന്ന് പിടിപെടുകയും ഹൃദയ വാല്‍വുകളില്‍ രക്തം കട്ടയായി ഹൃദയാഘാതത്തിന് വരെ കാരണമാകുകയും ചെയ്യുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.