Home അറിവ് വനിതകള്‍ക്ക് മാത്രമായി ആനവണ്ടിയില്‍ ഉല്ലാസയാത്ര

വനിതകള്‍ക്ക് മാത്രമായി ആനവണ്ടിയില്‍ ഉല്ലാസയാത്ര

മാര്‍ച്ച് എട്ടുമുതല്‍ 13 വരെ വനിതകള്‍ക്ക് മാത്രമായി ‘വുമണ്‍ ട്രാവല്‍ വീക്ക്’ എന്നപേരില്‍ കെ.എസ്.ആര്‍.ടി.സി. താമരശ്ശേരി ഡിപ്പോ പ്രത്യേക വിനോദയാത്രാ പാക്കേജ് ഒരുക്കുന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണിത്. ഇപ്പോഴുള്ള തുഷാരഗിരി-വനപര്‍വം-പൂക്കോട്, നെല്ലിയാമ്പതി, മൂന്നാര്‍ സര്‍വീസുകള്‍ക്കും ഗവി, വാഗമണ്‍ സര്‍വീസിനും പുറമേ വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക്, എടയ്ക്കല്‍, കൊടൈക്കനാല്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് സ്ത്രീകള്‍ക്ക് മാത്രമായി യാത്രകള്‍ സംഘടിപ്പിക്കുന്നത്.

സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും പങ്കാളികളാവുന്ന വനിതാദിന സര്‍വീസുകളില്‍ ഡ്രൈവറായും ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും വനിതകളെ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഡിപ്പോ അധികൃതര്‍.

വനിതാദിന സര്‍വീസിന്റെ ഉദ്ഘാടനം മാര്‍ച്ച് എട്ടിന് രാവിലെ ആറരയ്ക്ക് ബാലുശ്ശേരിയില്‍ നടക്കും. പെണ്ണകം കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്കാണ് ആദ്യയാത്ര.

എടയ്ക്കല്‍ ഗുഹയിലേക്ക് 600 രൂപ, മൂന്നാറിലേക്ക് 1650, എറണാകുളത്തേക്ക് (വണ്ടര്‍ലാ, ലുലുമാള്‍) 1450 എന്നിങ്ങനെയാണ് ആളൊന്നിന് യാത്രാനിരക്ക്. തുഷാരഗിരി-പൂക്കോട് ട്രിപ്പിന് 650 രൂപയും, നെല്ലിയാമ്പതിയിലേക്ക് 1050 രൂപയുമാണ് ഭക്ഷണച്ചെലവ് ഉള്‍പ്പെടെയുള്ള ചാര്‍ജ്. ഗവി, വാഗമണ്‍, കൊടൈക്കനാല്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള നിരക്ക് സംബന്ധിച്ച് അന്തിമരൂപമായിട്ടില്ല.

കുടുംബശ്രീകള്‍ക്കും മറ്റ് സ്വാശ്രയസംഘങ്ങള്‍ക്കുമെല്ലാം പ്രത്യേക നിരക്കില്‍ പാക്കേജ് അനുവദിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥലങ്ങള്‍ക്ക് പുറമേയുള്ള സ്ഥലങ്ങളിലേക്കും കൂട്ടായ്മകള്‍ ആവശ്യപ്പെടുന്നപക്ഷം ടൂറിസം സര്‍വീസുകള്‍ അനുവദിക്കും.

സാധാരണഗതിയില്‍ താമരശ്ശേരി ഡിപ്പോയില്‍നിന്ന് തുടങ്ങുന്ന വിനോദയാത്രാ സര്‍വീസുകള്‍, ആവശ്യമെങ്കില്‍ കിലോമീറ്റര്‍ ചാര്‍ജ് ഈടാക്കി മറ്റ് പ്രദേശങ്ങളില്‍നിന്നും അനുവദിക്കും. ഫോണ്‍: 7902640704, 9846100728.