Home വിദ്യഭ്യാസം രാജ്യത്തെ 24 വ്യാജ സര്‍വകലാശാലയില്‍ ഒന്ന് കേരളത്തില്‍; സ്ഥാപനങ്ങളുടെ പേര് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും

രാജ്യത്തെ 24 വ്യാജ സര്‍വകലാശാലയില്‍ ഒന്ന് കേരളത്തില്‍; സ്ഥാപനങ്ങളുടെ പേര് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും

രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യുജിസിയുടെ കണ്ടെത്തല്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പുറമേ രണ്ട് സര്‍വകലാശാലകള്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. യുജിസി നിയമത്തിന് വിരുദ്ധമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കാന്‍ ഇവര്‍ക്ക് അധികാരമില്ല.

ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം വ്യാജ സര്‍വകലാശാലകളുള്ളത്. എട്ട് സര്‍വകലാശാലകളുണ്ടവിടെ. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുജിസി അന്വേഷണം നടത്തിയതെന്നും മന്ത്രി പറഞ്ഞു. യുപിയിലെ ഭാരതീയ ശിക്ഷ പരിഷത് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്.

ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സര്‍വകലാശാലകളും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സെന്റ് ജോണ്‍സ് സര്‍വകലാശാല വ്യാജമാണെന്ന് യുജിസി കണ്ടെത്തി.

യുജിസി ആക്ട് 1956 ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സര്‍വകലാശാലകള്‍ക്കെതിരേ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് ഇത്തരം വ്യാജ സര്‍വകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യുജിസി നോട്ടീസ് പുറപ്പെടുവിക്കും. പിന്നാലെ ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും മന്ത്രി മറുപടി നല്‍കി.