Home വാഹനം ഒരു തവണ ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാം; ടാറ്റയുടെ പുതിയ ഇലക്ട്രിക് വാഹനം

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാം; ടാറ്റയുടെ പുതിയ ഇലക്ട്രിക് വാഹനം

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ പുതിയൊരു ഇലക്ട്രിക് വാഹനം കൂടി വിപണിയിലെത്തി. ടാറ്റ സെഡാന്‍ വാഹനമായ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പാണ് മുഖം മിനുക്കി എത്തുന്നത്. 11.99 ലക്ഷം മുതല്‍ 13.14 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ് ഷോറൂം വില.

വാഹനത്തിന് മൂന്ന് വേരിയന്റുകളാണ് ഉള്ളത്. ഡ്യുവല്‍ ടോണ്‍ ടോപ്പ് എന്‍ഡ് ട്രിമിനാണ് കൂടിയ വില. 13.14 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. ടാറ്റയുടെ ആദ്യ ഇലക്ട്രിക് വാഹനമായ നെക്സോണ്‍ ഇവി ജനപ്രിയ മോഡലായി മാറി കഴിഞ്ഞു. സമാനമായ നിലയില്‍ വിപണി പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടാറ്റ മോട്ടോഴ്സ്. 70 നഗരങ്ങളിലായി 150 വില്‍പ്പന കേന്ദ്രങ്ങള്‍ വഴി വാഹനം വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നത്. 26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ വിയ്ക്ക് കരുത്തുപകരുന്നത്. ഇതിനൊപ്പം 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോര്‍ ഇവിയില്‍ പ്രവര്‍ത്തിക്കുന്നത്.

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, റെഗുലര്‍ ചാര്‍ജറില്‍ ബാറ്ററി നിറയാന്‍ 8.5 മണിക്കൂര്‍ സമയമാണ് എടുക്കുന്നത്. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് കഴിയും. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ ലാമ്പ്, കറുപ്പ് നിറം നല്‍കിയിട്ടുള്ള മിറര്‍ എന്നിവയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ നല്‍കിയിട്ടുള്ള പുതുമകള്‍. ഫോഗ്ലാമ്പിന് സമീപത്തായി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള മുന്‍വശത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.