Home ആരോഗ്യം സ്ത്രീകള്‍ ഒരിക്കലും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; എന്‍ഡോമെട്രിയല്‍ കാന്‍സറിന്റേതാകാം

സ്ത്രീകള്‍ ഒരിക്കലും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; എന്‍ഡോമെട്രിയല്‍ കാന്‍സറിന്റേതാകാം

ര്‍ഭപാത്രത്തിന്റെ ഏറ്റവും ഉള്ളിലെ അവരണമാണ് എന്‍ഡോമെട്രിയം. ഈ ഉള്‍ഭിത്തിയില്‍ കാന്‍സര്‍ ഉണ്ടാകുന്നതിനെയാണ് എന്‍ഡോമെട്രിയല്‍ കാന്‍സര്‍ (Endometrial Cancer) എന്നു പറയുന്നത്. 95 %വും ഈ കാന്‍സര്‍ 50 വയസ്സിന് മുകളിലുള്ള ആര്‍ത്തവ വിരാമം എത്തിയ (Postmenopausal) സ്ത്രീകളിലാണ് കാണപ്പെടുന്നതെങ്കിലും ഈ കാന്‍സര്‍ വരാനുള്ള ശരാശരി പ്രായം 60 വയസ്സാണ്. ഒരു 5 ശതമാനം 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലും ഈ കാന്‍സര്‍ കാണപ്പെടാറുണ്ട്.

ഇടവിട്ടു വരുന്ന വജൈനല്‍ ബ്ലീഡിങ് ആണ് പ്രധാനപ്പെട്ട ലക്ഷണം. ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ ആര്‍ത്തവം നിന്നിട്ടും ഉണ്ടാവുന്ന ബ്ലീഡിങ് ആയിട്ടാണ് ഉണ്ടാവുന്നത്.
ആര്‍ത്തവമുള്ള സ്ത്രീകളില്‍ സാധാരണയിലും അളവില്‍ കൂടുതലായി ബ്ലീഡിങ് ആയിട്ടാണ് ഉണ്ടാവുന്നത്. രണ്ട് ആര്‍ത്തവ ചക്രങ്ങള്‍ക്കിടയില്‍ ബ്ലീഡിങ് ഉണ്ടാവുക, അധികമായി നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ സമയത്തെ ബ്ലീഡിങ് എന്നിവയാണ് കാണപ്പെടുന്നത്. അമിതമായ വജൈനല്‍ ഡിസ്ചാര്‍ജ് അഥവാ യോനിസ്രവം അതും രക്തം കലര്‍ന്നതായിട്ടും, ചിലപ്പോള്‍ അടിവയറ് വേദനയായിട്ടും ലക്ഷണം കാണിക്കാം.

ഈ കാന്‍സറിന്റെ കാരണങ്ങള്‍
ഈ കാന്‍സര്‍ ഉണ്ടാകാനുള്ള പ്രധാന കാരണംഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അതിപ്രസരമാണ്. സാധാരണ ഒരു സ്ത്രീയില്‍ അവളുടെ പ്രത്യുല്പാദന ജീവിത ചക്രത്തില്‍ ഈസ്ട്രജനും പ്രോജെസ്റ്ററോണ്‍ എന്നീ രണ്ട് തരം ഹോര്‍മോണുകളുടെ ഒരു സന്തുലിതാവസ്ഥയില്‍ ആണ് പോകുക. പക്ഷേ ചിലപ്പോള്‍ ചില അവസ്ഥകള്‍ ഈ ഒരു ബാലന്‍സ് (ക്രമം) തെറ്റിക്കുകയും അതുമൂലം ഈസ്ട്രജന്‍ എന്ന ഹോര്‍മോണിനെ അപേക്ഷിച്ച് കൂടുതലായി ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഗര്‍ഭപാത്രത്തിന്റെ കട്ടി കൂട്ടും. അങ്ങനെ ക്രമേണ എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുന്നു.

ഏറ്റവും പ്രധാനമായും – വാര്‍ധക്യം (പ്രായം കൂടുന്നതിന് അനുസരിച്ച് ഈ കാന്‍സറിന് ഉള്ള റിസ്‌ക് കൂടും). സ്തനാര്‍ബുദവും എന്‍ഡോമെട്രിയല്‍ കാന്‍സറും വന്‍കുടല്‍ കാന്‍സറും പാരമ്പര്യമായി കുടുംബത്തിലുണ്ടെങ്കില്‍ വരാനുള്ള സാഹചര്യം കൂടുതലാണ്.
നേരത്തെ പറഞ്ഞത് പോലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കുന്ന ഏത് അവസ്ഥയും ഈ കാന്‍സറിന്റെ റിസ്‌ക് കൂട്ടും.
ഉദാഹരണത്തിനായി
ന്മ വളരെ നേരത്തെ വയസ്സ് അറിയുക (early menarche)

സാധാരണയിലും താമസിച്ച് ആര്‍ത്തവവിരാമം ആകുക (late menopause)

അമിതവണ്ണം (obesity)

പ്രമേഹം (diabetes)

രക്തസമ്മര്‍ദം (hypertension)

വ്യായാമം ഇല്ലായ്മ (lack of exercise)

പിസിഒഡി (Polycystic ovarian disease )

കൊഴുപ്പ് അധികം അടങ്ങിയ ഭക്ഷണരീതി (high fatty foods )

ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി(Hormone replacement therapy with estrogen alone)

ആദ്യം ഒരുഗൈനക്കോളജിസ്റ്റിനെ കാണണം. ഫുള്‍ ബോഡിചെക്കപ്പിനോടൊപ്പം ഒരു Per Vaginal (യോനി പരിശോധന) Examination ഉം ആദ്യം ചെയ്യും. Per Vaginal പരിശോധനയോടൊപ്പം ഒരു പാപ്‌സ്മിയര്‍ ടെസ്റ്റും ചെയ്യും. പാപ്‌ടെസ്റ്റില്‍ വ്യതിയാനം സംഭവിച്ച കോശങ്ങള്‍, ഗര്‍ഭാശയമുഖത്തുള്ള അണുബാധ എന്നിവ കണ്ടെത്താന്‍ സഹായിക്കുന്നു.

യോനിഭാഗത്തൂടെയുള്ള സ്‌കാനിങ് ആണ് അടുത്തതായി ചെയ്യുക. ഈ സ്‌കാന്‍ വഴി ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗം കൂടുതല്‍ നന്നായി കാണാന്‍ സഹായിക്കുന്നു. ഈ പരിശോധന വഴി ഗര്‍ഭപാത്രത്തിന്റെ കട്ടി (thickness of endometrium ) അറിയുന്നതിനും, അണ്ഡാശയങ്ങള്‍ (ovaries), ഗര്‍ഭാശയമുഖം (cervix) എന്നിവയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്നും അറിയാനും സഹായിക്കുന്നു.
സ്‌കാനിങ്ങില്‍ ഗര്‍ഭപാത്രത്തിന്റെ കട്ടി നിശ്ചിത അളവിലും കൂടുതലായി കാണപ്പെട്ടാല്‍ അടുത്ത പടിയായി ബയോപ്സി എടുക്കേണ്ടി വരും. എന്‍ഡോമെട്രിയല്‍ ബയോപ്‌സി മൂന്ന് രീതിയില്‍ ചെയ്യാം.

Endometrial (Pipelle) aspiration/

Fractional Currettage / Dilatation & Curettage (D & C)

Hysteroscopy

ബയോപ്സിയില്‍ എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയാല്‍, സിടി സ്‌കാന്‍ / എംആര്‍ഐ എന്നിവ ഡോക്ടര്‍ നിര്‍ദേശിക്കുന്നതായിരിക്കും.
ചികിത്സ
പ്രധാന ചികിത്സ സര്‍ജറി ആണ് (Total Abdominal Hysterectomy and bilateral salpingoophorectomy). ഓപ്പണ്‍ സര്‍ജറിയോ താക്കോല്‍ ദ്വാര ശസ്ത്രക്രിയ(Laparoscopic) യോ ചെയ്യാം. രണ്ടു രീതികളും സുരക്ഷിതമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരു രോഗിക്ക് ഏതായിരിക്കും ഉത്തമം എന്ന് രോഗത്തിന്റെ സ്റ്റേജ് അനുസരിച്ച് ഡോക്ടര്‍ നിര്‍ദേശിക്കുന്നതായിരിക്കും. ശസ്ത്രക്രിയയിലൂടെ ലഭിച്ച അവയവങ്ങള്‍ പാത്തോളജിക്കല്‍ എക്സാമിനേഷന് വിധേയമാക്കും.
തുടര്‍ ചികിത്സ
സര്‍ജറിക്ക് ശേഷം റേഡിയേഷന്‍ ചികിത്സയും ചിലപ്പോള്‍ കീമോ തെറാപ്പിയും ചില രോഗികള്‍ക്ക് ആവശ്യമായി വരാറുണ്ട്.

പാത്തോളജിക്കല്‍ എക്സാമിനേഷനില്‍ താഴെ പറയുന്നവ അതായത്

  1. ഗര്‍ഭപാത്രത്തിന്റെ പേശിയിലേക്കുള്ള വ്യാപനം.
  2. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയുടെ തീവ്രത.
  3. ഗര്‍ഭാശയമുഖത്തോ (cervix)/ അണ്ഡാശയത്തിലേക്കുള്ള വ്യാപനം.
  4. കഴലകളിലേക്കുള്ള വ്യാപനം.

മുതലായവ ഉണ്ടെന്ന് വരികയാല്‍ തുടര്‍ ചികിത്സ ചെയ്യേണ്ടി വരും.

രോഗസാന്നിധ്യം കുറയ്ക്കുന്ന ഘടകങ്ങള്‍

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.

വ്യായാമം ഉണ്ടാവണം.

അമിതവണ്ണം നിയന്ത്രിക്കുക (especially after menopause)

അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.

ഏറ്റവും പ്രധാനമായി അസാധാരണ ബ്ലീഡിങ് ഉണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുക.

എല്ലാ ആര്‍ത്തവ വിശ്രമത്തിന് ശേഷവും ഉണ്ടാകുന്ന ബ്ലീഡിങ് കാന്‍സറിന്റെ ലക്ഷണമാണോ?
ഒരു 15 % സ്ത്രീകളില്‍ മാത്രമേ ഇത് കാന്‍സറിന്റെ ഒരു ലക്ഷണം ആകുന്നുള്ളൂ. ബാക്കി 85 % സ്ത്രീകളിലും ഇത് വേറെ കാരണങ്ങള്‍ കൊണ്ടാകാം. ഉദാഹരണത്തിനായി ആര്‍ത്തവശേഷം ഉണ്ടാകുന്ന ഹോര്‍മോണിന്റെ കുറവ്, Cervix or uterine polyps (ദശവളര്‍ച്ച), തൈറോയ്ഡ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുതലായവ. അതുകൊണ്ട് ആര്‍ത്തവ വിരാമത്തിനു ശേഷം വരുന്ന എല്ലാ ബ്ലീഡിങ്ങും കാന്‍സര്‍ ആകുന്നില്ല. പക്ഷേ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തു പോയി വിശദമായി പരിശോധിച്ചാല്‍ മാത്രമേ അത് കുഴപ്പമില്ല എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കൂ.