അറബിക്കടലിൽ രൂപംകൊണ്ട് ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴ സംസ്ഥാനത്ത് നിന്നും പൂർണമായി പിൻവാങ്ങിയിട്ടില്ലെന്നാണ് കാലാവസ്ഥ ശാത്രജ്ഞർ സൂചിപ്പിക്കുന്നത്. തുലാവർഷത്തിനു മുന്നോടിയായുള്ള മഴ ബുധനാഴ്ച എത്തും. ഒക്ടോബർ 23 വരെ ഈ മഴ തുടരും. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ മാസം അവസാനത്തോടെ തുലാമഴ ഉണ്ടാകും. ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിനാൽ സംസ്ഥാനത്ത് 20 മുതൽ തുടർന്നുള്ള 34 ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലം ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യൂനമർദവും ചുഴലിക്കാറ്റും ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തൽ. കിഴക്കൻ കാറ്റ് 20 ന് എത്തിയേക്കും. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തികുറഞ്ഞ് , കർണാടകത്തിന്റെ തെക്കു മുതൽ തമിഴ്‌നാടിന്റെ തെക്കുവരെ നീളുന്ന ന്യൂനമർദ പാത്തിയായും മാറിയിട്ടുണ്ട്.
ഒക്ടോബർ 1 മുതൽ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. തുലാവർഷം തുടങ്ങുന്നതിന് മുമ്പേ തന്നെ, സംസ്ഥാനത്ത് തുലാവർഷ കാലയളവിൽ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം ഇതുവരെ പെയ്തതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. ഒക്ടോബർ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റർ മഴയാണ്. കാസർകോട് ജില്ലയിൽ 344 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റർ മഴ ലഭിച്ചു. കണ്ണൂരിൽ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റർ മഴയും ഇതിനകം പെയ്തു.
പത്തനംതിട്ട ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മഴയുടെ 97 ശതമാനവും പാലക്കാട് 90 ശതമാനവും മലപ്പുറം 86 ശതമാനവും ലഭിച്ചു. തുലാവർഷക്കാലമായ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികമാണ് സംസ്ഥാനത്ത് ഇതിനോടകം പെയ്തുകഴിഞ്ഞത്. തുലാവർഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. അറബിക്കടലിലും ബംഗാൾ ഉൽക്കടലിലും ഒരേസമയം ന്യൂനമർദ്ദം ഉണ്ടായതിനെത്തുടർന്നുള്ള തീവ്രമഴയാണ് കേരളത്തിൽ കനത്ത നാശം വിതയ്ക്കാൻ കാരണമായതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.