Home അറിവ് ബിപി മനസിലാക്കാനുള്ള എളുപ്പവഴികൾ

ബിപി മനസിലാക്കാനുള്ള എളുപ്പവഴികൾ

ബിപി, അഥവാ രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കാറുണ്ട്. അതിനാൽ ബിപി നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ബിപി ഉയരുന്നത് തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.

ബിപി വീടുകളിൽ പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ലഭ്യമാണെങ്കിൽ കൃത്യമായ ഇടവേളകളിൽ ബിപി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. 120/80 mm Hgയിൽ കുറവാണ് ബിപി രേഖപ്പെടുത്തുന്നതെങ്കിൽ നോർമലും ഇതിന് മുകളിലേക്ക് റീഡിംഗ് പോവുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. കാര്യമായ രീതിയിൽ ബിപി ഉയരുന്ന സാഹചര്യങ്ങളിൽ ചില ലക്ഷണങ്ങൾ രോഗിയിൽ കണ്ടേക്കാം.

തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് ഈ ലക്ഷണങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഇവ പ്രകടമാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായമെത്തിക്കേണ്ടതാണ്. ചിലരിൽ ബിപി അനിയന്ത്രിതമായി ഉയരുമ്പോൾ ശ്വാസതടസവും കണ്ടേക്കാം. ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളിൽ സമ്മർദ്ദമേറുന്നതോടെയാണ് ശ്വാസതടസം നേരിടുന്നത്. നടക്കുമ്പോഴോ, എന്തെങ്കിലും ഭാരമുള്ളവ പൊക്കുമ്പോഴോ, പടികൾ കയറുമ്പോഴോ എല്ലാം ഇത് പ്രകടമാകാം.

ഇവയ്‌ക്കൊപ്പം കഠിനമായ ഉത്കണ്ഠ, തലവേദന, തലകറക്കം എന്നിവയും ബിപി ഉയരുന്നതിന്റെ സൂചനയായി വരാം. സമയബന്ധിതമായ വൈദ്യസഹായം തന്നെയാണ് ഈ ഘട്ടങ്ങളിൽ ആശ്രയിക്കേണ്ടത്. വീട്ടിൽ തന്നെ കൃത്യമായ ഇടവേളകളിൽ ബിപി പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യം ഏർപ്പെടുത്തുന്നതോടൊപ്പം ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, ഉറക്കം എന്നിവയും ബിപിയുള്ളവർ ഉറപ്പുവരുത്തണം.

പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറച്ച ഡയറ്റാണ് ബിപിയുള്ളവർക്ക് യോജിച്ചത്. ഉപ്പിന്റെ ഉപയോഗദം പാടെ ഒഴിവാക്കുകയോ, ഡോക്ടറുടെ നിർദേശപ്രകാരം നിയന്ത്രിക്കുകയോ ചെയ്യാം. മാനസിക സമ്മർദ്ദവും വലിയ തോതിൽ ബിപി ഉയരുന്നതിന് കാരണമായി വരാറുണ്ട്. വീട്ടിലെ പ്രശ്‌നങ്ങളോ, ജോലിസംബന്ധമായ വിഷയങ്ങളോ എല്ലാമാകാം ഈ സമ്മർദ്ദങ്ങൾക്ക് പിന്നിൽ. ഇവയിൽ നിന്ന് ആശ്വാസം നേടാൻ വിനോദോപാധികൾ, യോഗ, വ്യായാമം എന്നിങ്ങനെയുള്ള മാർഗങ്ങളും അവലംബിക്കാം.