Home ആരോഗ്യം ആഹാരം എങ്ങിനെ കഴിക്കണം? വിരുദ്ധാഹാരങ്ങൾ വിഷമോ?

ആഹാരം എങ്ങിനെ കഴിക്കണം? വിരുദ്ധാഹാരങ്ങൾ വിഷമോ?

വിരുദ്ധമായ ഭക്ഷണ സംയോഗം മാത്രമല്ല കാലം തെറ്റിയും അളവ് തെറ്റിയും ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമാണ്.

ഒരുതവണ ആഹാരം കഴിച്ചുകഴിഞ്ഞാൽ മൂന്നു മണിക്കൂർ കഴിയാതെ ആഹാരം കഴിക്കരുത്. എന്നാൽ ആറു മണിക്കൂറിനുള്ളിൽ കഴിക്കുകയും വേണം.

എത്രയളവ് കഴിക്കണം?
പഥ്യമായതും ലഘുവായതുമായ ആഹാരം വയറുനിറയെ കഴിക്കാം. എന്നാൽ ദഹിക്കാൻ പ്രയാസമുള്ള ആഹാരം പകുതിയളവിൽ കഴിക്കുക. ദഹനക്കേടുണ്ടായാൽ ആഹാരം ഉപേക്ഷിച്ച് 24 മണിക്കൂർ ഉപവസിക്കണം. ഒരുദിവസം രണ്ടുനേരം ഭക്ഷണം എന്നതാണ് ഉചിതം.

ഇവ കഴിക്കരുത്…
അധികം ഉപ്പുള്ളതും എരിവുള്ളതും പുളിയുള്ളതുമായ ഭക്ഷണം, ചീത്തയായ ഭക്ഷണം, ഉണക്ക മാംസം, ഉണങ്ങിയ ഇലക്കറികൾ എന്നിവ കഴിക്കരുത്.

നിത്യം ഉപയോഗിക്കാൻ പാടില്ലാത്തവ…
തൈര്, മുള്ളങ്കി, ഉഴുന്ന്, അമര, ചേമ്പ്, കിഴങ്ങുവർഗങ്ങൾ, പതിയൻ ശർക്കര എന്നിവ നിത്യവും കഴിക്കാൻ പാടില്ല.

എല്ലാവരുടെയും ദഹനശക്തി ഒന്നല്ല. അതിനാൽ ഒരാൾക്ക് പഥ്യമായത് മറ്റൊരാൾക്ക് അപഥ്യമാകാം. അപഥ്യമാകുന്നവ ദോഷവർധനവും അതിലൂടെ രോഗവും ഉണ്ടാക്കും. അവ നിരീക്ഷിച്ചറിഞ്ഞ് സ്വയം ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയാൽ കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കാൻ സാധിക്കും.

ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നതും ധാതുക്കളെയും ഓജസ്സിനെയും ക്ഷയിപ്പിച്ച് രോഗപ്രതിരോധശേ ഷിക്കുതന്നെ മങ്ങലേല്‍പിക്കുന്നതുമാണ് വിരുദ്ധാഹാരങ്ങള്‍. കാരണംകണ്ടെത്താനാകാത്ത പല രോഗങ്ങള്‍ക്കും ഇവ ഇടനല്‍കുന്നു. ശാരീരികവും മാനസികവും ബുദ്ധിപരവുമായ പല വൈകല്യങ്ങള്‍ക്കും വിരുദ്ധാഹാരങ്ങള്‍ കാരണമാകും. ചില ആഹാരസാധനങ്ങള്‍ കൂടിച്ചേരുമ്പോള്‍ വിഷസ്വഭാവം കൈവരിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്.

ആഹാരം മഹാഭേഷജം എന്നാണ് ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട്. ആഹാരകാര്യത്തില്‍ മതിയായ ശ്രദ്ധ നല്‍കാത്തതുകൊണ്ടാണ് മിക്കരോഗങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ടാണ് ആഹാരപാനീയങ്ങള്‍ പഥ്യവും സംശുദ്ധവുമായിരിക്കാന്‍ ആയുര്‍വേദം പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.

ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്കള്‍ ഒരുമിച്ചു ചേരുമ്പോള്‍ അവയുടെ അളവ്, പാചകരീതി, സംയോഗം എന്നിവ അടിസ്ഥാനമാക്കി ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ശരീരധാതുക്കളുടെ ഗുണങ്ങള്‍ക്ക് വിപരീതമായ ഗുണങ്ങളുള്ളവയാണ് പൊതുവെ എല്ലാ വിരുദ്ധദ്രവ്യങ്ങളും. ഒറ്റക്കൊറ്റയ്ക്ക് നിര്‍ദോഷങ്ങളാണെങ്കിലും കൂടിച്ചേരുമ്പോള്‍ വിഷസ്വഭാവത്തിലായിത്തീരുന്നവയാണ് അത്തരം ദ്രവ്യങ്ങള്‍. ചില ആഹാരസാധനങ്ങള്‍ സ്വതവേ പരസ്​പരവിരുദ്ധങ്ങളാണ്. ചിലവ സംയോഗം നിമിത്തം വിരുദ്ധങ്ങളാകുമ്പോള്‍, വേറെ ചിലവ കൂട്ടിച്ചേര്‍ത്ത് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുന്നു.

പാലും പുളിയുള്ള ഫലവര്‍ഗങ്ങളുമായി ചേര്‍ന്നാല്‍ സംയോഗവിരുദ്ധമാണ്. ക്ലാവുള്ള പാത്രത്തില്‍ നെയ്യ് പാകം ചെയ്യുന്നത് സംസ്‌കാരവിരുദ്ധമാണ്. കൂടാതെ ഗുണവിരുദ്ധം, ദേശവിരുദ്ധം, കാലവിരുദ്ധം, കോഷുവിരുദ്ധം, കര്‍മവിരുദ്ധം എന്നിങ്ങനെയുള്ള ഭേദങ്ങളുമുണ്ട്. കഫവൃദ്ധി ഉണ്ടാക്കുന്ന പാലും മീനും ഒന്നിച്ചു കഴിക്കുന്നത് ഗുണവിരുദ്ധത്തിനുദാഹരണമാണ്.
തേനും നെയ്യും, തേനും വെള്ളവും തുല്യ അളവില്‍ ചേര്‍ത്തുപയോഗപ്പെടുത്തുന്നത് മാത്രാവിരുദ്ധമാണ്. തണുപ്പുകാലത്ത് ശീതരൂക്ഷാദികളും ഉഷ്ണകാലത്ത് കടുതീക്ഷ്ണാദികളുമായ ഭക്ഷണപാനീയങ്ങള്‍ കാലവിരുദ്ധമായിത്തീരും.
വേവ് കൂടുകയോ കുറയുകയോ ചെയ്ത ഭക്ഷണ ദ്രവ്യങ്ങള്‍ പാകവിരുദ്ധമാണ്. ഹൃദയപ്രിയമല്ലാത്ത എല്ലാ ആഹാരപാനീയങ്ങളും വിരുദ്ധങ്ങളാണെന്നാണ് വെയ്പ്. മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുക, പഴങ്ങള്‍ക്കൊപ്പം പാല്‍ കുടിക്കുക, പഴുത്തതും പഴുക്കാത്തതും ആയ ഫലവര്‍ഗങ്ങള്‍, നല്ല തണുത്തതും ഏറെ ചൂടുള്ളതുമായ ഭക്ഷണപാനീയങ്ങള്‍, ഇവ ഒരേസമയം കഴിക്കുന്നതും പുതിയതും പഴകിയതും പാകം ചെയ്തതും ചെയ്യാത്തതും ആയവ കൂട്ടിക്കലര്‍ത്തുന്നതും വിരുദ്ധമാണ്.
ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ് കഴിക്കാന്‍ പാടില്ല. നെയ്യ്, തേന്‍, എണ്ണ, എന്നിവ രണ്ടോ മൂന്നോ എല്ലാം കൂടിയോ തുല്യ അളവില്‍ ചേര്‍ത്തു കഴിക്കരുത്. കൂണ്‍ കടുകെണ്ണയില്‍ പാകപ്പെടുത്തിയാല്‍ വിരുദ്ധമാകും. മത്സ്യം പാകപ്പെടുത്തിയ പാത്രത്തില്‍ തക്കാളി വേവിക്കാന്‍ പാടില്ല. പാല്‍ച്ചോര്‍ കഴിച്ചതിനു ശേഷം മലര്‍വെള്ളവും തുളസിയില തിന്നശേഷം പാലും കുടിക്കാന്‍ പാടില്ല. തേന്‍ ചൂടാക്കി ഉപയോഗിക്കുന്നതും ചൂടുള്ള വസ്തുക്കള്‍ ചേര്‍ത്തുപയോഗിക്കുന്നതും ചൂടുകാലത്തുപയോഗിക്കുന്നതും വിഷതുല്യമാകയാല്‍ വര്‍ജിക്കേണ്ടതാണ്.