Home അറിവ് വാക്സീനെടുത്തിട്ടും കൊവിഡ് ബാധിതർ കൂടുന്നതായി റിപ്പോർട്ട്

വാക്സീനെടുത്തിട്ടും കൊവിഡ് ബാധിതർ കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് വാക്സീനെടുത്തിട്ടും കൊവിഡ് ബാധിതർ കൂടുന്നതായി റിപ്പോർട്ട്. വാക്സിനെടുത്തിട്ടും കൊവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ സംസ്ഥാനത്ത് കൂടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നവംബറിലെ കണക്കുകൾ. ഒരു ഡോസ് വാക്സിനെടുത്ത ശേഷം കൊവിഡ് വന്നവരേക്കാൾ ഇരട്ടിയിലധികം പേർക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കൊവിഡ് വന്നത്.

കൊവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നുണ്ടോയെന്നത് പഠിക്കണമെന്ന് ആരോ​ഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നംവംബർ മാസത്തിൽ ഇതുവരെ 86,500 ലധികം കൊവിഡ് കേസുകളാണുണ്ടായത്. ഇതിൽ 15,526 പേർ ഒരു ഡോസ് വാക്സിനെടുത്തവരാണ്. എന്നാൽ രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കൊവിഡ് ബാധ ഇതിന്റെ ഇരട്ടിയാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത 33,404 പേർക്കാണ് കൊവിഡ് വന്നത്.

പത്തുലക്ഷം പേരിലെ കണക്കെടുക്കുമ്പോൾ ഒരുഡോസെടുത്ത് കൊവിഡ് വന്നവരുടെ എണ്ണം 1262 ആണെങ്കിൽ 2 ഡോസുമെടുത്ത് കൊവിഡ് വന്നവരുടെ എണ്ണം 2570 ആണ്. മുൻപ് കൊവിഡ് വന്നതും പിന്നീട് ഒരു ഡോസ് വാക്സിനെടുത്തതും ചേർത്തുള്ള ഹൈബ്രിഡ് പ്രതിരോധമാകാം ഒരു ഡോസ് മാത്രമെടുത്തവരിലെ കൊവിഡ് എണ്ണം കുറയാൻ കാരണമെന്നാണ് ഒരു നിഗമനം. എന്നാൽ രണ്ട് ഡോസുമെടുത്തിട്ടും കൊവിഡ് വരുന്നവരുടെ എണ്ണം കൂടുന്നതിന് പിന്നിൽ പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറഞ്ഞു.