Home അറിവ് ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കണം; അല്ലാത്തപക്ഷം വിവാഹമോചനം അനുവദിനീയം

ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കണം; അല്ലാത്തപക്ഷം വിവാഹമോചനം അനുവദിനീയം

ന്നിലേറെ വിവാഹം കഴിച്ചവര്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിച്ചില്ലെങ്കില്‍ വിവാഹമോചനത്തിന് മതിയായ കാരണമായി കണക്കാക്കുമെന്ന് ഹൈക്കോടതി. ഒന്നിലേറെ വിവാഹം കഴിച്ച മുസ്ലിം ഭര്‍ത്താവില്‍ നിന്നും തലശ്ശേരി സ്വദേശിനിക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഒന്നിലേറെ വിവാഹം കഴിച്ചാല്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.

വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. മുസ്ലിം വിവാഹമോചനനിയമത്തിലെ സെക്ഷന്‍ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്.

1991-ലായിരുന്നു വിവാഹമെന്നും, കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവ് അകന്നുകഴിയുകയാണെന്നും ഭാര്യ കോടതിയില്‍ വ്യക്തമാക്കി. 2019-ലാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരി ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.

എന്നാല്‍, മൂന്ന് കുട്ടികളുള്ളത് ചൂണ്ടിക്കാട്ടി ആ വാദം ഹൈക്കോടതി തള്ളി. വൈവാഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവാണ് വീഴ്ചവരുത്തിയതെന്നും ഹൈക്കോടതി വിലയിരുത്തി.