Home അറിവ് സംസ്ഥാനത്തെ അതിദ്രരെ ഉടന്‍ കണ്ടെത്തുമെന്ന് മന്ത്രി

സംസ്ഥാനത്തെ അതിദ്രരെ ഉടന്‍ കണ്ടെത്തുമെന്ന് മന്ത്രി

തി ദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും സമയബന്ധിതമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സാമൂഹിക പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാനതലത്തില്‍ നോഡല്‍ ഓഫീസറെയും ജില്ലാതലത്തില്‍ നിര്‍വഹണ സമിതികളെയും ബ്ലോക്ക് തലത്തില്‍ സൂപ്പര്‍ ചെക്ക് ടീമുകളെയും തദ്ദേശസ്ഥാപന തലത്തില്‍ ജനകീയ സമിതികളെയും വാര്‍ഡ് തലത്തില്‍ വാര്‍ഡ് സമിതികളെയും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നയിക്കുന്നതിനും എന്യുമെറേഷന്‍ പ്രവര്‍ത്തികള്‍ക്കുമായി എന്യുമെറേഷന്‍ ടീമുകളെയും നിയോഗിച്ചതായി മന്ത്രി അറിയിച്ചു.

അതി ദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഉദ്ദേശലക്ഷ്യം ചോര്‍ന്നു പോകാതിരിക്കാനും ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി അടയാളപ്പെടുത്തുന്നവരില്‍ അനര്‍ഹര്‍ കടന്നു കൂടാതിരിക്കാനും അര്‍ഹരായവര്‍ വിട്ടുപോകാതിരിക്കാനും വേണ്ടി സംസ്ഥാനത്താകെ ഏകദേശം നാല് ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, തദ്ദേശസ്ഥാപന തല ജനകീയ സമിതി അംഗങ്ങള്‍, വാര്‍ഡ് സമിതി അംഗങ്ങള്‍ ടെക്നിക്കല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, സൂപ്പര്‍ ചെക്ക് ടീം അംഗങ്ങള്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ നല്‍കിവരികയാണ്.

സംസ്ഥാനത്ത് ആകെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളായ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും, പ്രീ എന്യുമറേഷനും, എന്യുമറേഷനും ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.

അതി ദരിദ്രരായ വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ജനകീയപ്രക്രിയയാണ് വാര്‍ഡ്, കുടുംബശ്രീ, സന്നദ്ധ സംഘടനാ തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍. സംസ്ഥാനത്ത് 49501 ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇതിലൂടെ 42512 ആള്‍ക്കാരെ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 19,998 പേരുടെ പ്രീ എന്യുമെറേഷന്‍ മൊബൈല്‍ ആപ്പില്‍ നടന്നുകഴിഞ്ഞു. ഇതില്‍ 12821 പേരുടെ ഫീല്‍ഡ് തലത്തിലുള്ള എന്യുമെറേഷനും ഇതിനോടകം പൂര്‍ത്തീകരിച്ചു.

ഓരോ ഘട്ടത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപന തലത്തില്‍ 20% സൂപ്പര്‍ ചെക്ക് നടത്തുകയും ഉയര്‍ന്നു വരുന്ന പരാതികള്‍ പരിഹരിക്കുകയും ചെയ്യും അതിന് ശേഷം മൂര്‍ത്തമാകുന്ന പട്ടിക ഗ്രാമസഭയിലും, തദ്ദേശ സ്ഥാപനതല ഭരണാസമിതിയിലും അംഗീകരിച്ചാണ് പ്രസിദ്ധീകരിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.