Home അറിവ് കുട്ടികളില്‍ ആന്റിവൈറല്‍ ഉപയോഗം; ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തി

കുട്ടികളില്‍ ആന്റിവൈറല്‍ ഉപയോഗം; ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തി

കോവിഡ് ചികിത്സയില്‍ കാര്യമായി ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക്. 18 വയസ്സിനു താഴെയുള്ളവര്‍ക്കു നല്‍കുന്നതിനാണ് ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. കുട്ടികളില്‍ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ചു വ്യക്തമായ പഠനങ്ങളുടെ അഭാവത്തില്‍ ഇവ ഉപയോഗിക്കരുതെന്നാണു നിര്‍ദേശം.

റെംഡെസിവിറിനു പുറമേ, ഫാവിപിരാവിര്‍, ഇന്ത്യയില്‍ പുതുതായി അനുമതി ലഭിച്ച മോല്‍നുപിരാവിര്‍, ഫ്‌ലൂവോക്‌സമൈന്‍ തുടങ്ങിയവയും സ്‌ട്രോവിമാബ്, കാസിരിവിമാബ്, ഇംഡെവിമാബ് തുടങ്ങിയ മോണോക്ലോണല്‍ ആന്റിബോഡികളും കുട്ടികളുടെ ചികിത്സയില്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. സ്റ്റിറോയ്ഡ് മരുന്നുകളും ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്.

അതേസമയം, കോവിഡ് ചികിത്സയിലുള്ള കുട്ടികള്‍ക്കു മറ്റു രോഗങ്ങളുണ്ടെങ്കില്‍ ചികിത്സ തുടരുന്നതിനു തടസ്സമില്ല. 5 വയസ്സില്‍ താഴെയുള്ളവര്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന നിബന്ധന തുടരും. 11 വയസ്സു വരെയുള്ളവര്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലാണു മാസ്‌ക് ഉപയോഗിക്കേണ്ടത്. 12 വയസ്സിനു മുകളിലുള്ള എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.