Home അറിവ് സംസ്ഥാനത്തെ അംഗന്‍വാടികളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും

സംസ്ഥാനത്തെ അംഗന്‍വാടികളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും

സംസ്ഥാനത്ത് അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതും വിശപ്പുരഹിത ബാല്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പദ്ധതി വിപുലീകരിക്കുന്നത്. ഇതിനായി 61.5 കോടി രൂപ നീക്കിവെയ്ക്കും. സംയോജിത ശിശുവികസനത്തിനായി 188 കോടി രൂപ നീക്കിവെച്ചതായും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി വ്യക്തമാക്കി.

പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ മെസ് അലവന്‍സ് വര്‍ധിപ്പിക്കും. പട്ടികവര്‍ഗ വികസനത്തിന് 736 കോടി രൂപ നീക്കിവെച്ചതായും ബാലഗോപാല്‍ അറിയിച്ചു. 64,352 അതിദാരിദ്ര്യ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ പ്രാരംഭ വിഹിതമായി നൂറ് കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി വ്യക്തമാക്കി.

നവ കേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു പദ്ധതികളില്‍ ഒന്നായ ലൈഫ് പദ്ധതി അനുസരിച്ച് വരുന്ന സാമ്പത്തികവര്‍ഷം ഒരു ലക്ഷത്തിലധികം വീടുകള്‍ കൂടി പണിയാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി അറിയിച്ചു. വരുന്ന സാമ്പത്തികവര്‍ഷം 1,06,000 ഭവനങ്ങള്‍ നിര്‍മ്മിക്കും. 2950 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നതായും ബാലഗോപാല്‍ അറിയിച്ചു.

നിലവില്‍ 2,76,425 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഹഡ്കോയുടെ വായ്പ കൂടി പ്രയോജനപ്പെടുത്തി 1,06,000 ഭവനങ്ങള്‍ കൂടി നിര്‍മ്മിച്ച് നല്‍കും. മികച്ച സൗകര്യങ്ങളുള്ള വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. 2950 ഫ്ലാറ്റുകള്‍ കൂടി നിര്‍മ്മിക്കും.പിഎംവൈ പദ്ധതിയുടെ വിഹിതമായി 327 കോടി രൂപ ലഭിക്കും. ഇത് ഉള്‍പ്പെടെ 1871.82 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.

തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ധനവിഹിതത്തിലൂടെയും വിവിധ ഉഭയകക്ഷി കരാറുകളിലൂടെയും തുക കണ്ടെത്താനാണ് ശ്രമിക്കുന്നത്. പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 2000 കോടി രൂപ നീക്കിവെച്ചതായി ബാലഗോപാല്‍ അറിയിച്ചു. പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് ഇക്കാര്യം പറഞ്ഞത്.

കെ ഫോണ്‍ സഹായത്തോടെ സംസ്ഥാനത്ത് 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 16 കോടി രൂപ നീക്കിവെയ്ക്കും. കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണ്‍ 20ന് പൂര്‍ത്തിയാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

വ്യവസായ നയത്തില്‍ കാതലമായ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 20 കോടി രൂപ നീക്കിവെച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനം ഉറപ്പാക്കും. ഇതിനായി സംരഭക മൂലധനഫണ്ട് രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

എല്ലാ വര്‍ഷവും വെള്ളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ പ്രത്യേക പരിഗണന. വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുട്ടനാട്ടില്‍ നെല്‍കൃഷി ഉല്‍പ്പാദനം കൂട്ടാന്‍ 58 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക മേഖലയ്ക്ക് 851 കോടി രൂപ നീക്കിവെച്ച് കേരള ബജറ്റ്. റബര്‍ സബ്സിഡിക്ക് 500 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഭക്ഷ്യപാര്‍ക്കുകള്‍ക്ക് 100 കോടി രൂപ വകയിരുത്തിയതായും ബാലഗോപാല്‍ അറിയിച്ചു.

റബര്‍ ഉല്‍പ്പാദനവും വിലയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. നെല്‍ കൃഷി വികസനത്തിന് 75 കോടി രൂപ നീക്കിവെയ്ക്കും. നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കും. മരീച്ചിനിയില്‍ നിന്ന് മദ്യം ഉല്‍പ്പാദിപ്പിക്കും.പദ്ധതിയുടെ നടത്തിപ്പിന് ഗവേഷണം നടത്താന്‍ രണ്ടു കോടി രൂപ അനുവദിച്ചതായി ബാലഗോപാല്‍ അറിയിച്ചു.

10 മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി.നെല്ലിന്റെ താങ്ങുവില കൂട്ടിയതായും ധനമന്ത്രി അറിയിച്ചു. കിലോയ്ക്ക് 28 രൂപ 20 പൈസയായാണ് വര്‍ധിപ്പിച്ചത്. 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ അധിഷ്ഠിതമാക്കും.

കണ്ണൂരിലും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. കൊല്ലത്ത് 5ലക്ഷം ചതുരശ്ര അടിയിലാണ് ഐടി പാര്‍ക്ക് വരുക. ഐടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

ഐടി ഇടനാഴി വിപുലീകരിക്കും. എന്‍എച്ച് 66ന് സമാന്തരമായി നാലു ഐടി ഇടനാഴികള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് നാലു സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. ആയിരം കോടി രൂപ ചെലവിലാണ് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുക.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് ബജറ്റ് നിര്‍ദേശം. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200 കോടി രൂപ വകയിരുത്തി. ഹ്രസ്വകാല കോഴ്സുകള്‍ക്ക് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സര്‍വകലാശാലകളോട് ചേര്‍ന്ന് 1500 ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. രാജ്യാന്തര നിലവാരത്തിലുള്ള 250 ഹോസ്റ്റല്‍ മുറികള്‍ കൂടി സ്ഥാപിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി രൂപ നീക്കിവെച്ചു. 14 ജില്ലകളിലും തൊഴില്‍ സംരഭക സെന്ററുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിലക്കയറ്റം നേരിടാന്‍ ബജറ്റില്‍ 2000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിലക്കയറ്റം നേരിടുന്നതിന് വേണ്ടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ് പ്രതിപക്ഷം തയ്യാറായതെന്ന് കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

കേരളം കൊടിയ ദുരിതങ്ങളെ അതിജീവിച്ച് തുടങ്ങിയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാന സമ്മേളനം വിളിച്ചുചേര്‍ക്കും. കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഇത് നികുതിവരുമാനത്തില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.