കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍, ഡെല്‍റ്റയെ അപേക്ഷിച്ച് അപകടകാരിയല്ലെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ഒമൈക്രോണ്‍ ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഡെല്‍റ്റ ബാധിതരേക്കാള്‍ 45 ശതമാനം വരെ കുറവാണെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഡെല്‍റ്റ ബാധിതരേക്കാള്‍ ഒമൈക്രോണ്‍ ബാധിതകര്‍ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള സാധ്യത 15 മുതല്‍ 20 ശതമാനം വരെ കുറവാണ്. 40 മുതല്‍ 45 ശതമാനം വരെ കുറവാണ്, ഇവരെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാനുള്ള സാധ്യതയെന്ന പഠനത്തില്‍ പറയുന്നു.
അതേസമയം തീവ്രതയിലുള്ള ഈ കുറവ് ഒമൈക്രോണ്‍ വ്യാപന ശേഷി കൊണ്ടു മറികടക്കുമെന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡെല്‍റ്റെ അപേക്ഷിച്ച് അതിവേഗമാണ് ഒമൈക്രോണ്‍ വ്യാപിക്കുന്നത്. വാക്സിനേഷന്‍ മൂലമുള്ള പ്രതിരോധ ശക്തിയെയും അതു വേഗത്തില്‍ മറികടക്കും. അതുകൊണ്ടുതന്നെ ഒമൈക്രോണ്‍ ഉയര്‍ത്തുന്ന ഭീഷണി തള്ളിക്കളയാനാവില്ലെന്നാണ് പഠനം പറയുന്നത്.