Home വാണിജ്യം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുമായി ഇന്‍സ്റ്റഗ്രാം; 85 രൂപ മുതല്‍ മാസവരിസംഖ്യ

സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുമായി ഇന്‍സ്റ്റഗ്രാം; 85 രൂപ മുതല്‍ മാസവരിസംഖ്യ

മൂഹ മാധ്യമ രംഗത്ത് സമ്പൂര്‍ണ മാറ്റത്തിനു വഴി തെളിച്ചേക്കാവുന്ന പുതിയ നീക്കവുമായി ഇന്‍സ്റ്റഗ്രാം. താമസിയാതെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും സബ്സ്‌ക്രിപ്ഷന്‍ രീതികള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഇങ്ങനെ സബ്സ്‌ക്രൈബ് ചെയ്യുന്നവരുടെ പോസ്റ്റുകള്‍ കാണണമെങ്കില്‍ അതിനു കാഴ്ചക്കാര്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് കാശു നല്‍കേണ്ടി വന്നേക്കാവുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നു പറയുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലാത്ത ടിക്ടോക്കും സമാനമായ മാറ്റം കൊണ്ടുവന്നേക്കും. യൂട്യൂബ് അടക്കമുള്ള സ്ട്രീമിങ് സേവനങ്ങളും ഈ വഴിക്കു ചിന്തിച്ചു കൂടായ്കയില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഫ്രീ കണ്ടെന്റ് മാത്രം ലഭിക്കുന്ന ഒരു കാലം അവസാനിക്കാന്‍ പോകുകയാണ്.

പുതിയ നീക്കത്തില്‍ ഇന്‍സ്റ്റഗ്രാം കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ സബ്സ്‌ക്രൈബര്‍മാരില്‍ നിന്ന് നേരിട്ട് പണം വാങ്ങാനുള്ള അനുമതിയായിരിക്കും നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം. ഇത് സമൂഹ മാധ്യമ മേഖലയില്‍ ഇപ്പോള്‍ അധികം പ്രചാരം നേടാത്ത രീതിയാണ്. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസെറിയാണ് അടുത്തിടെ ഇത്തരം ഒരു ഫീച്ചര്‍ പരീക്ഷിച്ചു വരികയാണെന്ന കാര്യം അറിയിച്ചത്.

ഈ ഫീച്ചര്‍ ഇന്ത്യയിലേക്കും വരുന്നുവെന്ന് ചില ഉപയോക്താക്കള്‍ കണ്ടെത്തുകയായിരുന്നു. രാജ്യത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത് സാല്‍മന്‍ മേമന്‍ (@salman_memon_7) എന്ന ട്വിറ്റര്‍ യൂസറാണെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തുടക്കത്തില്‍ ഈ ഫീച്ചര്‍ കുറച്ച് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക. തങ്ങളുടെ എക്സ്‌ക്ലൂസിവ് ഉള്ളടക്കങ്ങള്‍ – വിഡിയോ, സ്റ്റോറീസ് തുടങ്ങിയവ കാണുന്നതിന് സബ്സ്‌ക്രൈബര്‍മാരില്‍ നിന്ന് പണം ഈടാക്കാമെന്നാണ് പറയുന്നത്.

ഒരു പെയ്ഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ യൂസര്‍ നെയിമിന് അടുത്ത് പര്‍പ്പിള്‍ (മാന്തളിര്‍ നിറം) നിറത്തിലുള്ള ബാഡ്ജ് കാണിച്ചിരിക്കും. ഇതിപ്പോള്‍ അമേരിക്കയിലും ഇന്ത്യയിലുമുള്ള ചില ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇന്‍സ്റ്റഗ്രം നല്‍കിയിരിക്കുന്നത്. പ്രാദേശിക നാണയത്തില്‍ പണം സ്വീകരിക്കാനുള്ള അവസരമായിരിക്കും പെയ്ഡ് കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുക.

തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ജീവിക്കാനുള്ള പണം കിട്ടാന്‍ സഹായിക്കുക എന്നത് മെറ്റാ കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്നാണ് എന്ന് ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. തങ്ങളുടെ കണ്ടെന്റിന്റെ കാഴ്ചക്കാര്‍, പാര്‍ട്ണര്‍മാര്‍, ബ്രാന്‍ഡുകള്‍ എന്നിവയില്‍ നിന്നും പണം വാങ്ങാനുള്ള അവസരമായിരിക്കും ലഭിക്കുക. ഈ ഫീച്ചര്‍ താമസിയാതെ ഫെയ്സ്ബുക്കിലും വന്നേക്കും.

പര്‍പ്പിള്‍ ബാഡ്ജ് ലഭിക്കേണ്ടവര്‍ക്ക് മൂന്നു തരത്തിലുള്ള മാസവരികളില്‍ ഒന്ന് തിരഞ്ഞെടുക്കാം- 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. ഇങ്ങനെ മാസവരി അടയ്ക്കുന്നവര്‍ക്ക്, ഇന്‍സ്റ്റഗ്രാം ലൈവ് അടക്കം തങ്ങളുടെ കണ്ടെന്റ് കാണാന്‍ എത്തുന്നവരില്‍ നിന്ന് പണം വാങ്ങാന്‍ സാധിക്കും.

നിലവില്‍ ഇന്ത്യയില്‍ ഇത്തരം ഒരു സാധ്യത ഇല്ല. ഇതേ രീതിയിലുള്ള സബ്സ്‌ക്രിപ്ഷന്‍ മാതൃകയാണ് ഗൂഗിളിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ വെബ്സൈറ്റായ ടിക്ടോക്കും കൊണ്ടുവരിക. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളും വരും കാലത്ത് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സമാനമായ സാധ്യതകള്‍ തുറന്നിട്ടേക്കുമെന്നാണ് കരുതുന്നത്.