Home വാണിജ്യം പാനും ആധാറും; ഉടന്‍ ചെയ്ത് തീര്‍ക്കേണ്ട നാല് കാര്യങ്ങള്‍

പാനും ആധാറും; ഉടന്‍ ചെയ്ത് തീര്‍ക്കേണ്ട നാല് കാര്യങ്ങള്‍

2021-2022 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നികുതിദായകരും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും ചിലത് ചെയ്ത തീര്‍ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ചില സേവനങ്ങള്‍ ഭാവിയില്‍ നഷ്ടപ്പെടാം. മാര്‍ച്ച് 31നകം ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ അറിയാം.

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ നിരവധി തവണയാണ് ഇത് നീട്ടിവെച്ചത്. നിലവില്‍ മാര്‍ച്ച് 31 ആണ് സമയപരിധി. അല്ലാത്തപക്ഷം പാന്‍ അസാധുവാകാനും പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴയായി ആയിരം രൂപ ഒടുക്കുന്നതിനും ഇടവരും.

മ്യൂച്ചല്‍ ഫണ്ട്, ഓഹരി വിപണി തുടങ്ങിയവയില്‍ നിക്ഷേപം നടത്തുന്നതിനും തടസ്സം നേരിടാം. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ഇത് പ്രതിബന്ധം സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബാങ്കുകളില്‍ ഇടപാടുകാരുടെ കെവൈസി പുതുക്കുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31ന് അവസാനിക്കും. റിസര്‍വ് ബാങ്കാണ് സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയത്. തൊട്ടടുത്തുള്ള സ്വന്തം ബാങ്ക് ശാഖയില്‍ പോയി കെവൈസി പുതുക്കണമെന്നാണ് നിര്‍ദേശം. തിരിച്ചറിയല്‍ രേഖകള്‍ ഇതിനായി ഹാജരാക്കണം. ഡിജിറ്റല്‍ രൂപത്തിലും കെവൈസി പുതുക്കാം.

പിഴയോട് കൂടി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. ഡിസംബര്‍ 31നായിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി. മാര്‍ച്ച് 31 വരെ പിഴയോട് കൂടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് ആയിരം രൂപയും അഞ്ചുലക്ഷത്തിന് മുകളില്‍ ഉള്ളവര്‍ക്ക് 5000 രൂപയുമാണ് പിഴ.

ഇതിന് പുറമേ നികുതി ഇളവുകള്‍ ലഭിക്കുന്നതിന് വിവിധ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനുള്ള സമയപരിധിയും മാര്‍ച്ച് 31ന് അവസാനിക്കും.