Home ആരോഗ്യം സ്ത്രീകളിലെ ഹൃദയാഘാതം; ശരീരം ചില മുന്നറിയിപ്പ് നല്‍കുന്നത് അവഗണിക്കരുത്

സ്ത്രീകളിലെ ഹൃദയാഘാതം; ശരീരം ചില മുന്നറിയിപ്പ് നല്‍കുന്നത് അവഗണിക്കരുത്

സ്ത്രീകളില്‍ ചെറുപ്രായത്തില്‍ ഹൃദയാഘാതം ഉണ്ടാകുന്നതിന് ചില കാരണങ്ങളുണ്ച്. ജീവിതശൈലി, ഭക്ഷണക്രമം, സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ 35-50 വയസ് പ്രായമുള്ള സ്ത്രീകളില്‍ ഹൃദയാഘാതം വര്‍ദ്ധിച്ചു വരുന്നു. യുഎസില്‍ 10-15 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇന്ത്യയിലും ഈ സംഖ്യ സമാനമാണെന്ന് ചെന്നൈയിലെ കാവേരി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ഫെയിലൂര്‍, കാര്‍ഡിയോമയോപ്പതി, സര്‍ക്കുലേറ്ററി സപ്പോര്‍ട്ട്, ട്രാന്‍സ്‌കത്തീറ്റര്‍ ഹാര്‍ട്ട് വാല്‍വ് തെറാപ്പി എന്നിവയുടെ ഡയറക്ടറുമായ ഡോ. ആര്‍ അനന്തരാമന്‍ പറഞ്ഞു.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലായ സര്‍ക്കുലേഷനില്‍ 2019-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 35-54 വയസ്സിനിടയിലുള്ള ആളുകള്‍ ഹൃദയാഘാതത്തിനായി ആശുപത്രി സന്ദര്‍ശിക്കുന്നത് 1995-99-ല്‍ 27% ആയിരുന്നത് 2010-14-ല്‍ 32% ആയി ഉയര്‍ന്നു. പ്രവേശന നിരക്കില്‍ പുരുഷന്മാരേക്കാള്‍ (3%) സ്ത്രീകള്‍ക്കിടയില്‍ 10 ശതാനം വര്‍ദ്ധനവുണ്ടായതായും അനന്തരാമന്‍ പറഞ്ഞു.

20-40 വയസ് പ്രായമുള്ളവര്‍ക്ക് കൊറോണറി ആര്‍ട്ടറി ഡിസീസ് (സിഎഡി) വരാനുള്ള സാധ്യത കൂടുതലാണ്. 2016-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന CAD കേസുകളില്‍ 50 ശതമാനം വും 50 വയസ്സിന് താഴെയുള്ള ഇന്ത്യക്കാരില്‍ ആണെന്ന് കണ്ടെത്തി.

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ ചുമരുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് സിഎഡി coronary artery disease (CAD). ഇത് കാലക്രമേണ ധമനികള്‍ ചുരുങ്ങുകയും രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഉദാസീനമായ ജീവിതശൈലി, ഭക്ഷണക്രമം, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിങ്ങനെ പൊതുവായി അറിയപ്പെടുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീകളില്‍ സിവിഡിയുടെ ആദ്യകാല ആരംഭത്തിന് കാരണമാകുന്ന ചില ലിംഗപരമായ കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ചികിത്സിച്ചില്ലെങ്കില്‍, അവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിങ്ങള്‍ക്ക് വളരെക്കാലം രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ഇത് പ്ലേറ്റ്ലെറ്റ് ഡിസോര്‍ഡേഴ്‌സിലേക്ക് നയിക്കുന്നു. ഈ ഘടകങ്ങളെല്ലാം സിവിഡി, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

ആദ്യകാല ആര്‍ത്തവവിരാമത്തോടൊപ്പം പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്) യും സ്ത്രീകളിലെ മറ്റ് ഹോര്‍മോണ്‍ പ്രശ്‌നങ്ങളും സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് 35-50 പ്രായപരിധിയിലുള്ളവരെ സിവിഡിയുടെ അപകടസാധ്യതയിലേക്ക് നയിക്കുന്നു.

സ്ത്രീകള്‍ക്കിടയിലും പുകവലി വര്‍ധിക്കുന്നതായി മനസിലാക്കുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ ഉള്‍പ്പെടെയുള്ള ചില മരുന്നുകളില്‍ നിന്നുള്ള ശരീരഭാരം വര്‍ദ്ധിക്കുന്നത്, പരിശോധിക്കാതെയിരുന്നാല്‍, അത് സിവിഡിയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ചെന്നൈയിലെ അപ്പോളോ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോതൊറാസിക് സര്‍ജറിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ശിവ മുത്തുകുമാര്‍ പറഞ്ഞു.

നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നല്ല തണുപ്പ് കാലത്ത് പോലും നന്നായി വിയര്‍ക്കുന്നത് ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമായി വിദഗ്ധര്‍ കാണുന്നുണ്ട്. നിങ്ങളുടെ ധമനികള്‍ ബ്ലോക്കാകുമ്പോള്‍, രക്തം പമ്പ് ചെയ്യുന്നതിന് നിങ്ങളുടെ ഹൃദയത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നു. ഈ അദ്ധ്വാനത്തിനിടയില്‍ വിയര്‍പ്പിലൂടെ ശരീരം നിങ്ങളുടെ ശരീരത്തിന്റെ താപനില കുറയ്ക്കാന്‍ ശ്രമിക്കുന്നു. ഇതാണ് നിങ്ങളുടെ ശരീരം അസാധാരണമായ രീതിയില്‍ വിയര്‍ക്കുന്നതിനു കാരണം.

ഹൃദയാഘാതമുണ്ടായാല്‍ സ്ത്രീകള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടാനുള്ള സാധ്യതയാണ് മറ്റേതൊരു ലക്ഷണത്തേക്കാളും കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട് നെഞ്ചുവേദനയോടു കൂടിയോ അല്ലാതെയോ നിങ്ങള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടന്‍ ആശുപത്രിയില്‍ പോകണമെന്ന് എഎച്ച്എ പറയുന്നു.