Home വാഹനം ആകര്‍ഷകമായ ലുക്കില്‍ ഫോക്‌സ്വാഗന്റെ ഇ-ബസ്

ആകര്‍ഷകമായ ലുക്കില്‍ ഫോക്‌സ്വാഗന്റെ ഇ-ബസ്

വൈദ്യുത വിവിധോദ്ദേശ്യവാഹന(എംപി)മായ ഐഡി. ബസ് അനാവരണം ചെയ്തു ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍. ഇതിഹാസമാനങ്ങളുള്ള ഫോക്‌സ്വാഗന്‍ ബസിന്റെ ആധുനിക പതിപ്പെന്ന വിശേഷണം പേറിയാണ് ഐഡി. ബസ്സിന്റെ വരവ്. ഇക്കൊല്ലം അവസാനത്തോടെ ഐഡി. ബസ് യൂറോപ്പില്‍ വില്‍പനയ്‌ക്കെത്തുമെന്നാണു ഫോക്‌സ്വാഗന്‍ നല്‍കുന്ന സൂചന.

യാത്രക്കാര്‍ക്കും ചരക്കുനീക്കത്തിനുമുള്ള പ്രത്യേക മോഡലുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തയാറെടുക്കുന്നുണ്ട്; ഐഡി.ബസ് യാത്രക്കാരെ കയറ്റുമ്പോള്‍ ചരക്കു നീക്കത്തിനായി എത്തുക ഐഡി.ബസ് കാര്‍ഗോ ആണ്. ഫോക്‌സ്വാഗന്‍ ഗ്രൂപ്പിന്റെ മൊഡ്യുലര്‍ ഇലക്ട്രിക് ഡ്രൈവ്(എം ഇ ബി) പ്ലാറ്റ്‌ഫോം അടിത്തറയാവുന്ന ‘ഐഡി. ബസ്സി’ന് 4,712 എം എം നീളവും 1,980 എം എം വീതിയുമുണ്ട്. 1,938 എം എം ഉയരമുള്ള എം പി വിയുടെ വീല്‍ബേസ് 2,988 എം എമ്മാണ്.

മുന്നില്‍ പരമ്പരാഗത ശൈലിയിലുള്ള വാതിലും പിന്നില്‍ തെന്നിനീങ്ങുന്ന സ്ലൈഡിങ് ഡോറുമായിട്ടാവും ഐഡി. ബസ്സിന്റെ വരവ്. ക്രമീകരിക്കാവുന്ന ഡിമ്മിങ് സഹിതം ഐക്യു ലൈറ്റ്, പൂര്‍ണ എല്‍ ഡി ടെയില്‍ ലാംപ്, 19 ഇഞ്ച് അലോയ് വീല്‍ തുടങ്ങിയവയും ‘ഐഡി.ബസ്സി’ലുണ്ടാവും. ഓപ്ഷന്‍ വ്യവസ്ഥയില്‍ 20 ഇഞ്ച് അലോയ് വീലും ലഭ്യമാണ്. തുടക്കത്തില്‍ അഞ്ചു പേര്‍ക്കു യാത്രാസൗകര്യമുള്ള ‘ഐഡി.ബസ്’ ആവും എത്തുക. അടുത്ത വര്‍ഷത്തോടെ അധിക വീല്‍ബേസ് സഹിതം, ഏഴു പേര്‍ക്കു യാത്ര ചെയ്യാവുന്ന വകഭേദം അവതരിപ്പിക്കും.

അതുപോലെ ആദ്യഘട്ടത്തില്‍ ഒറ്റ മോട്ടോറും റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുമായിട്ടാവും ‘ഐഡി.ബസ്സി’ന്റെ വരവ്. പിന്നീട് കരുത്തുറ്റ ഇരട്ട മോട്ടോറുമായി, ഫോര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള മോഡല്‍ പുറത്തിറങ്ങും. ലാളിത്യം തുളുമ്പുന്ന അകത്തളത്തോടെയാവും ഐഡി.ബസ്സിന്റെ വരവ്. ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, 5.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ, 10 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയൊക്കെ വാഹനത്തിലുണ്ടാവും.

പോരെങ്കില്‍ റീസൈക്കിള്‍ ചെയ്ത സിന്തറ്റിക് വസ്തുക്കളാണു ഫോക്‌സ്വാഗന്‍ ‘ഐഡി.ബസ്സി’ന്റെ അകത്തളത്തില്‍ ഉപയോഗിക്കുന്നത്. മുന്നിലെ രണ്ടു സീറ്റിനുമിടയിലെ ‘ബസ് ബോക്‌സ്’ അടക്കം ധാരാളം സംഭരണ സ്ഥലങ്ങളും വാഹനത്തില്‍ ഫോക്‌സ്വാഗന്‍ സജ്ജമാക്കുന്നുണ്ട്.