Home ആരോഗ്യം കോവിഡ് സംബന്ധമായി വയറുവേദനയും; അറിയാം ചിലത്

കോവിഡ് സംബന്ധമായി വയറുവേദനയും; അറിയാം ചിലത്

ഞ്ചോളം കോവിഡ് 19 വകഭേദങ്ങള്‍ ആശങ്കയ്ക്ക് ഇടയാക്കുന്ന വകഭേദങ്ങളായി ലോകാരോഗ്യ സംഘടന തന്നെ വിലയിരുത്തിയവയാണ്. ഇപ്പോള്‍ ഒമിക്രോണും അതിന്റെ ഉപവകഭേദവുമാണ് കാര്യമായും രോഗവ്യാപനം നടത്തുന്നത്. ഇനിയും ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വന്നുകൊണ്ടിരിക്കും എന്ന് തന്നെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡിന് പലതരത്തിലുള്ള ഒരുപിടി ആരോഗ്യപ്രശ്നങ്ങള്‍ ലക്ഷണങ്ങളായി വരാറുണ്ട്. പനി, ചുമ, തൊണ്ടവേദന, തളര്‍ച്ച, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി, രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ എന്നിവയെല്ലാമാണ് പ്രധാനമായും കണുന്ന ലക്ഷണം. ഇതിനൊപ്പം തന്നെ തലവേദന, ചര്‍മ്മത്തില്‍ ( പ്രത്യേകിച്ച് കാല്‍വിരലുകളിലും മറ്റും) പാടുകള്‍, കാര്യങ്ങളില്‍ അവ്യക്തത തോന്നുന്ന അവസ്ഥ ( തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ഫോഗ് ) എന്നിങ്ങനെ ചിലരില്‍ മാത്രം കാണപ്പെടുന്ന ലക്ഷണങ്ങളുമുണ്ട്.

അടിസ്ഥാനപരമായി കോവിഡ് 19 ഒരു ശ്വാസകോശരോഗമാണ്. എന്നാല്‍ ശ്വാസകോശത്തെ മാത്രമല്ല രോഗം ബാധിക്കുന്നത്. പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് ബാധിക്കുന്നതായി അനുഭവങ്ങളിലൂടെ തന്നെ നാം മനസിലാക്കി. അതിലൊരു ഭാഗമാണ് വയറും.

ഉദരസംബന്ധമായ പല പ്രശ്നങ്ങളും കോവിഡിന്റെ ഭാഗമായി അനുഭവപ്പെടാം. വയറിളക്കം, ഛര്‍ദ്ദി, ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ എന്നിവയെല്ലാം ഇത്തരത്തില്‍ വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന ലക്ഷണങ്ങളായി കണക്കാക്കാം. ഇതിനൊപ്പം തന്നെ പലരിലും വയറുവേദനയും കൊവിഡ് ലക്ഷണമായി വരാം.

വ്യക്തിയുടെ പ്രായം, ആരോഗ്യസ്ഥിതി, പ്രതിരോധശക്തി എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് കൊവിഡ് ലക്ഷണങ്ങളും അനുബന്ധപ്രശ്നങ്ങളുമെല്ലാം കാണുന്നത്. എങ്കിലും കൊവിഡ് രോഗികളില്‍ അഞ്ചിലൊരാള്‍ക്ക് എന്ന നിലയില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ‘വെബ്എംഡി’യില്‍ വന്നൊരു റിപ്പോര്‍ട്ട് പ്രകാരം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികലില്‍ 25.9 ശതമാനത്തിനും ഉദരസംബന്ധമായ വിഷമതകള്‍ കാണാം.

‘ഫോര്‍ബ്സ്’ല്‍ വന്നൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് കൊവിഡ് രോഗത്തിന്റെ ആദ്യലക്ഷണങ്ങളായി പലരിലും വരുന്നത് വയറുവേദയും വയറിളക്കും ആയിരിക്കുമത്രേ. ‘അമേരിക്കന്‍ ജേണല്‍ ഓഫ് ഗ്യാസ്ട്രോഎന്‍ട്രോളജി’ എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന പഠനനിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ‘ഫോര്‍ബ്സ്’ന്റെ റിപ്പോര്‍ട്ട്.

എന്ന് മാത്രമല്ല, കൊവിഡിന്റെ ഭാഗമായി ഉദരസംബന്ധമായ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് വയറുവേദന അനുഭവപ്പെടുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗതീവ്രത കൂടാന്‍ സാധ്യതയുള്ളതായും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ നിലവില്‍ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എല്ലാം നേരിടുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തുകയും ആരോഗ്യം വേണ്ടവിധം ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.

കോവിഡിന്റെ ഭാഗമായി വരുന്ന വയറുവേദനയും അല്ലാത്ത വയറുവേദനയും എങ്ങനെ തിരിച്ചറിയാമെന്നായിരിക്കും ഇനി പലരും ചിന്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കൊവിഡ് രോഗികളില്‍ വയറിന് നടുഭാഗത്തും അതിന് ചുറ്റുമായാണ് പ്രധാനമായും വേദന അനുഭവപ്പെടുക. രോഗകാരിയായ വൈറസ് കുടലില്‍ പ്രവേശിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ഇതനുഭവപ്പെടുന്നത്.

വയറുവേദനയ്ക്കൊപ്പം തന്നെ ഛര്‍ദ്ദിയോ വയറിളക്കമോ മറ്റ് കൊവിഡ് ലക്ഷണമോ കാണുന്ന പക്ഷം പരിശോധിക്കുക എന്നത് തന്നെയാണ് കൊവിഡ് തിരിച്ചറിയാനുള്ള ഏകമാര്‍ഗം. തുടര്‍ന്ന് മെഡിക്കലി ശ്രദ്ധ വേണ്ട അവസ്ഥയാണെങ്കില്‍ അതും എടുക്കാം.