Home അറിവ് കുടിവെള്ള വില്പന കൂടുന്നു.

കുടിവെള്ള വില്പന കൂടുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് പ്രതിസന്ധിയില്‍ അത്ര സജീവമല്ലാതിരുന്ന കുപ്പിവെള്ള വിപണിയില്‍ ഇത്തവണ വില്‍പന കുതിച്ചുയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ 600ലധികം കുപ്പിവെള്ള നിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. ഇവയില്‍ 250ഓളം യൂനിറ്റുകള്‍ക്ക് മാത്രമേ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും അനുമതിയുള്ളൂ. രണ്ടുവര്‍ഷം മുൻപ്അംഗീകൃത യൂനിറ്റുകള്‍ നൂറ്റി യൻപതോളം മാത്രമായിരുന്നു.കുപ്പികളിലും ജാറുകളിലുമായി ഒരുദിവസം ശരാശരി വില്‍ക്കുന്ന കുടിവെള്ളത്തിന്‍റെ ഏകദേശ കണക്കാണ് 40 ലക്ഷം ലിറ്റര്‍. ടാങ്കര്‍ ലോറികളിലെയും മറ്റും വില്‍പനകൂടി ഉള്‍പ്പെടുത്തിയാല്‍ അളവ് ഇനിയും ഉയരും.

കുപ്പിവെള്ളവില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും 13 രൂപക്കും 20 രൂപക്കും വില്‍ക്കുന്ന കമ്പനികളുണ്ട് . കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കുപ്പിവെള്ളം ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. ഓരോ ജില്ലയിലും പ്രതിദിനം മൂന്നുലക്ഷം ലിറ്ററിലധികമാണ് ശരാശരി വില്‍പന.പതിനായിരത്തിലധികം തൊഴിലാളികള്‍ കുപ്പിവെള്ള നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു. തമിഴ്നാട്ടിലെ കമ്പനികളും കേരളത്തിലെ കുപ്പിവെള്ള വിപണിയില്‍ ചുവട് ഉറപ്പിച്ചിട്ടുണ്ട്. ചില ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിലെ അംഗീകൃത കമ്പനികളെ ഉപയോഗിച്ചാണ് കുപ്പികളില്‍ വെള്ളം നിറച്ച്‌ വിപണിയില്‍ എത്തിക്കുന്നത്.

കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുകയാണ്. അംഗീകാരമില്ലാത്ത കമ്പനികൾ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നത് ആണ്‌ യാഥാർഥ്യം.