Home അറിവ് ലക്ഷ്വദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാം എന്ന് സുപ്രീംകോടതി ഉത്തരവ്

ലക്ഷ്വദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാം എന്ന് സുപ്രീംകോടതി ഉത്തരവ്

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതിയില്‍ മാംസാഹാരം നിര്‍ത്തലാക്കിയ നടപടിയില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി.സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാം എന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു.അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഡയറി ഫാം പ്രവര്‍ത്തിക്കാനും കോടതി അനുമതി നല്‍കി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ ഉച്ച ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ച്‌ പൂട്ടിയതും.പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഈ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരിഷ്‌കാരത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും ലക്ഷദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷദ്വീപിന്റെ തനത് ഭക്ഷണ സംസ്‌കാരം തകര്‍ക്കാനും ചില രാഷ്ട്രീയ അജണ്ടയുടെയും ഭാഗമായും ആണ് ഭരണകൂട നടപടി എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം നീക്കിയെങ്കിലും ആവശ്യത്തിന് ഡ്രൈ ഫ്രൂട്‌സ്, മുട്ട അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളുടെ പോഷകാഹാര സംരക്ഷണം ഉദ്ദേശിച്ചാണ് നടപടി എന്നുമായിരുന്നു ഭരണകൂടത്തിന്റെ വിശദീകരണം. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.