ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി. കേന്ദ്ര സർക്കാരിന് കൂടിയാലോചനക്ക് കൂടുതൽ സമയം അനുവദിച്ച്‌ സുപ്രീംകോടതി.

    ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച്‌ സുപ്രീംകോടതി.മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്.

    ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമന്ന ഹര്‍ജിയില്‍ മുന്‍ നിലപാട് തിരുത്തി കേന്ദ്രം കോടതിയില്‍ പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്തു.

    എണ്ണം കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

    എന്നാല്‍ വിഷയം സങ്കീര്‍ണ്ണമാണെന്നും, ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ടെന്നും അതിനാല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും കേന്ദ്രം നിലപാട് തിരുത്തി. പുതിയ സത്യവാങ്മൂലം ഇന്നലെ രാത്രി ഫയല്‍ ചെയ്യുകയും ചെയ്തു. ഹര്‍ജി ഇന്ന് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കൗള്‍ അധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ കേന്ദ്രത്തിന് ഇപ്പോഴും കൃത്യമായ നിലപാടില്‍ എത്തിച്ചേരാനായിട്ടില്ലെന്ന് നിരീക്ഷിച്ചു.

    എല്ലാ വിഷയങ്ങളിലും കോടതിക്ക് ഉടന്‍ തീര്‍പ്പ് കല്‍പിക്കാനാവില്ല. വിഷയത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണം. ഇതിനായി മൂന്ന് മാസത്തെ സാവകാശം കേന്ദ്രത്തിന് കോടതി അനുവദിച്ചു. ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ട് മുന്‍പ് സത്യവാങ്മൂലം തിരുത്തി നല്‍കിയ കേന്ദ്രത്തിന്‍റെ നടപടിയേയും കോടതി വിമര്‍ശിച്ചു. കേസ് പരിഗണിക്കുന്ന ഓഗസ്റ്റ് 30 ന് മുന്‍പ് ചര്‍ച്ചയുടെ പുരോഗതി റിപ്പോര്‍ട്ട് അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്