വളരെയേറെ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം. വിവിധ ആരോഗ്യപ്രശ്നങ്ങളുടെ പൊതുലക്ഷണമായി തലകറക്കം ഉണ്ടാകാം.
ചെവിക്കുള്ളിലെ തകരാറുകൾ മൂലവും തലചുറ്റൽ ഉണ്ടാകാം. എന്നാൽ പലരും കരുതുന്നതുപോലെ അമിതരക്തസമ്മർദം തലകറക്കത്തിനുള്ള ഒരു സാധാരണ കാരണമല്ല. തലകറക്കവും ബാലൻസ് നഷ്ടപ്പെടലുമൊക്കെ വീഴ്ചയ്ക്ക് കാരണമാകുമെന്നതുകൊണ്ട് തലകറക്കമനുഭവപ്പെടുന്നവർ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
ഉൾച്ചെവിയിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റിബുലാർ ഭാഗം ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പനിയെത്തുടർന്നുണ്ടാകുന്ന നീർവീക്കം വെസ്റ്റിബുലാർ നാഡിയെ ബാധിച്ച് തലകറക്കം ഉണ്ടാകാം. കേൾവിയെ ബാധിക്കുന്നില്ലെങ്കിലും തലചുറ്റലും ബാലൻസ് നഷ്ടപ്പെടലും ആഴ്ചകളോളം നീണ്ടുനിൽക്കാം.
ചെവിയിൽ അടിഞ്ഞുകൂടുന്ന ചെവിക്കായം പോലും തലകറക്കം ഉണ്ടാക്കിയേക്കാം.
തലകറക്കത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ് പൊസിഷണൽ വെർട്ടിഗോ. തല ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുമ്പോഴോ പെട്ടെന്ന് കുനിഞ്ഞ് നിവരുമ്പോഴോ ഒക്കെ തലകറക്കം ഉണ്ടാകാം. തലകറക്കത്തോടൊപ്പം മനംപുരട്ടലും ഛർദിയുമുണ്ടാകാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും ഇത്തരം തലകറക്കം ഉണ്ടാകാം. സാധാരണമായി ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ രോഗലക്ഷണങ്ങൾ ക്രമേണ അപ്രത്യക്ഷമാവുകയാണ് പതിവ്.
തലച്ചോറിന്റെ ബാലൻസ് നിർണയിക്കുന്ന ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ തടസ്സം, കഴുത്തിലെ കശേരുക്കളുടെ തേയ്മാനം, കണ്ണിന്റെ തകരാറുകൽ, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയൊക്കെ തലകറക്കത്തിനുള്ള മറ്റ് കാരണങ്ങളാണ്.
തലച്ചോറിലെ തകരാർ മൂലം തലകറക്കമുണ്ടാകുമ്പോൾ കേൾവിക്കുറവ്, ചെവിക്കുള്ളിലെ മുഴക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്തലകറക്കവും തുടർന്നുണ്ടാകുന്ന അസന്തുലിതാവസ്ഥയും കാരണം വീഴ്ചയുണ്ടാക്കാതെ ശ്രദ്ധിക്കണം.
പ്രായമേറിയവരിലാണ് ഇത്തരം വീഴ്ചകൾ കൂടുതലായി കാണപ്പെടുന്നത്. കിടക്കയിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കുകയും പെട്ടെന്ന് ഒരു വശത്തേക്ക് ചരിയുകയുമരുത്. കട്ടിലിൽ കുറേനേരം ഇരുന്നതിനുശേഷം മാത്രമേ എഴുന്നേൽക്കാവൂ. രക്തസമ്മർദം നിയന്ത്രിക്കാനും ഉറക്കക്കുറവിനുമുള്ള മരുന്ന് കഴിക്കുന്നവർ സാവധാനം മാത്രം എഴുന്നേൽക്കുകയും ബാലൻസ് നഷ്ടപ്പെടാതിരിക്കുകയും കരുതലെടുക്കുകയും വേണം.
ബാലൻസ് നഷ്ടപ്പെടുന്നത് നിയന്ത്രിക്കാൻ കഴുത്തിനും കൈകാലുകൾക്കും വഴക്കവും ബലവും നൽകുന്ന വ്യായാമങ്ങളിലേർപ്പെടുന്നതും സഹായിക്കും. കിടക്കയിൽ കിടന്നുകൊണ്ടുള്ള കണ്ണിന്റെയും തലച്ചോറിന്റെയും ക്രമമായ ചലനങ്ങൾ, ഇരുന്നുകൊണ്ട് തോൾ ചലിപ്പിക്കുന്ന വ്യായാമം, ക്രമമായി ഒരു സ്റ്റൂളിൽ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക തുടങ്ങിയവ ബാലൻസ് തെറ്റാതിരിക്കാൻ സഹായിക്കും. മരുന്നുകളോടൊപ്പം ഇത്തരം വ്യായാമങ്ങളും ആവശ്യമാണ്.