Home അന്തർദ്ദേശീയം നോര്‍വെ ചെസ്സ് ഓപ്പണ്‍ കിരീടം ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നനാന്ദയ്ക്ക്

നോര്‍വെ ചെസ്സ് ഓപ്പണ്‍ കിരീടം ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നനാന്ദയ്ക്ക്

നോര്‍വെ ചെസ്സ് ഓപ്പണ്‍ കിരീടം ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നനാന്ദയ്ക്ക്. ഗ്രൂപ്പ് എ വിഭാഗത്തിലാണ് താരത്തിന്റെ കിരീട നേട്ടം.

ഒമ്പത് റൗണ്ടില്‍ നിന്ന് 7.5 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇസ്രായേലിന്റെ മാര്‍സല്‍ എഫ്രോയിംസ്‌കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിന്‍ സിയോ മൂന്നാമതുമെത്തി.ഇന്ത്യന്‍ താരമായ പ്രണീത് ആറ് പോയിന്റുമായി ആറാമതായി. അവസാന റൗണ്ടില്‍ പ്രണീതിനെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ കിരീടം കരസ്ഥമാക്കിയത്. ഒമ്പത് റൗണ്ടില്‍ ഒരു തോല്‍വി പോലും നേരിടാതെ അപരാജിത മുന്നേറ്റമാണ് താരം നടത്തിയത്. ആറ് വിജയവും മൂന്ന് സമനിലയുമാണ് പ്രഗ്‌നാനന്ദ ടൂര്‍ണമെന്റില്‍ നിന്ന് നേടിയത്.

ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ രണ്ട് തവണ പരാജയപ്പെടുത്തി സമീപ കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് 16കാരനായ പ്രഗ്‌നാനന്ദ. നോര്‍വെയിലെ ജയത്തോടെ അടുത്ത മാസം ഇന്ത്യയില്‍ വെച്ച്‌ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ പ്രഗ്‌നാനന്ദ യോഗ്യത നേടി. ഇന്ത്യ ടീം ബിയിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്.

തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്‌നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍.

3000 റേറ്റിങ് പോയിന്റാണ് തന്റെ സ്വപ്നമെന്നും ഒരിക്കല്‍ പ്രഗ്‌നാനന്ദ വ്യക്താക്കിയിരുന്നു. മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ അക്കാദമിയിലൂടെയാണ് പ്രഗ്‌നാനന്ദ ചെസ് ലോകത്തേക്കെത്തിയത്.