Home Uncategorized ക്യാന്‍സര്‍ വരാതെ നോക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ക്യാന്‍സര്‍ വരാതെ നോക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ക്യാന്‍സര്‍ രോഗം ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുകയാണ്. ജീവിതരീതിയില്‍ വന്ന വലിയ മാറ്റം തന്നെയാണ് ഇതിന് കാരണം. പുകയിലയുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ്, ചിലതരം വൈറസ് ബാധകള്‍ തുടങ്ങിയവ ക്യാന്‍സര്‍ വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇതില്‍ പല സാഹചര്യങ്ങളെയും നമുക്ക് വളരെ നിസാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ.

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാന്‍ കഴിയും. എന്നും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റിവയ്ക്കുക.

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങള്‍ ശരീരത്തിനു ലഭിക്കും. പച്ചക്കറികളില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ അത് ക്യാന്‍സറിനെ പ്രതിരോധിക്കും. ജൈവ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതാണ് ഉത്തമം. കടയില്‍ നിന്നു വാങ്ങുന്നവയാണെങ്കില്‍ ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക.

അമിതവണ്ണം ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടി നില്‍ക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. പൊണ്ണത്തടി ക്യാന്‍സര്‍ മാത്രമാല്ല, പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തിവയ്ക്കും.

പരിസ്ഥിതി മലിനമാക്കാതെ ശ്രദ്ധിക്കണം. ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം എന്നിവ ശുദ്ധമാകണമെങ്കില്‍ പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കണം. വാഹനങ്ങളുടെയും ഫാക്ടറികളുടെയും രാസവിഷപ്പുകയില്‍ നിന്നു കഴിയുന്നത്ര അകന്നു നില്‍ക്കുന്നതായിരിക്കും നല്ലത്.

ചുവന്ന മാംസം വളരെ കുറവ് കഴിക്കുന്നതാണ് നല്ലത്. ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയ ചുവന്ന മാംസം കഴിയുന്നത്ര കുറയ്ക്കുക. ഇവയില്‍ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ അതു വന്‍കുടല്‍ ക്യാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞതാണ്.