എങ്ങനെ സേവ് ചെയ്യാം ?

    ഉയര്‍ന്ന് വരുന്ന ജീവിത ചെലവുകള്‍ കാരണം പലര്‍ക്കും ശമ്പളത്തില്‍ നിന്ന് മിച്ചം പിടിക്കാന്‍ സാധിക്കാറില്ല. അമിത ചെലവാണ് പലരുടേയും ജീവിതത്തിലെ വില്ലന്‍.

    ആവശ്യത്തിനല്ലേ ചെലവാക്കുന്നത് എന്ന മറു ചോദ്യം ചോദിക്കാന്‍ വരട്ടെ. നിങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ ചെലവാക്കുന്നുണ്ടെങ്കില്‍ നിങ്ങളുടേത് അമിത ചെലവാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ലഭിക്കുന്ന ശമ്പളം മുഴുവന്‍ ചെലവാക്കാതെ സേവ് ചെയ്ത് വച്ച്‌ ജീവിത സുഖങ്ങളൊന്നും അനുഭവിക്കാതിരിക്കുകയും വേണ്ട. ഇതിന് രണ്ടിനുമിടയിലെ നേര്‍ത്ത അതിര്‍ വരമ്പാണ് സേവിംഗ്‌സ്.

    ശമ്പളത്തിന്റെ എത്ര മാത്രം നിക്ഷേപങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന ആശയക്കുഴപ്പം പലര്‍ക്കുമുണ്ട്. ഇതിന് കൃത്യമായ ഉത്തരവുമുണ്ട് സാമ്പത്തിക വിദഗ്ധരുടെ കൈയില്‍. അതാണ് 50-30-20 റൂള്‍.ഇത് പ്രകാരം നിങ്ങളുടെ വരുമാനത്തിന്റെ അന്‍പത് ശതമാനം നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ ഉപയോഗിക്കാം. വായ്പ, വീട്ടു സാധനങ്ങള്‍, വാടക, സ്‌കൂള്‍ ഫീസ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

    30 ശതമാനം അത്യാവശ്യമില്ലാത്തവയ്ക്കായി നീക്കി വയ്ക്കണം. സിനിമ, അത്യാവശ്യമല്ലാത്ത ഷോപ്പിംഗ്, ഒടിടി ബില്ലുകള്‍, യാത്ര, ഹോട്ടല്‍ ഭക്ഷണം എന്നിവ സ്വയം നിയന്ത്രിച്ച്‌ ഈ 30 ശതമാനം എന്ന ചട്ടക്കൂട്ടിലേക്ക് ചുരുക്കണം. ഇത്തരം ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് നമ്മുടെ കുടുംബ ബജറ്റിന് താളം തെറ്റിക്കുന്നത്.

    ബാക്കിയുള്ള 20 ശതമാനം രൂപ നിക്ഷേപിക്കണം. ഈ 20 ശതമാനം പലതില്‍ നിക്ഷേപിക്കാം. പലിശ കൂടതലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍, റിക്കറിംഗ് ഡെപ്പോസിറ്റ്, എന്നിങ്ങനെ റിസ്‌ക് കുറഞ്ഞവ നോക്കി നിക്ഷേപം നടത്താം

    ഉദാഹരണം

    നിങ്ങളുടെ ശമ്പളം 50,000 രൂപയാണെന്ന് കരുതുക. 25,000 രൂപ വീട്ട് ആവശ്യങ്ങള്‍ക്കും മറ്റുമായി മാറ്റി വയ്ക്കണം. 15,000 രൂപ പാര്‍ട്ട് ബിയില്‍ വരുന്നതാണ്. സിനിമ, ഷോപ്പിംഗ് എന്നിങ്ങനെ വിനോദങ്ങള്‍ക്കായി ഈ തുക മാറ്റി വയ്ക്കാം. ബാക്കി 10,000 രൂപയാണ് സേവ് ചെയ്യേണ്ടത്.