Home അറിവ് മായം കലര്‍ന്ന പപ്പടം കണ്ടു പിടിക്കാന്‍ എളുപ്പവഴികൾ

മായം കലര്‍ന്ന പപ്പടം കണ്ടു പിടിക്കാന്‍ എളുപ്പവഴികൾ

സദ്യയ്ക്കും പുട്ടിനുമൊക്കെ കൂടെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് പപ്പടം.എന്നാല്‍ ഈ പപ്പടത്തിലും മായം ചേര്‍ക്കുന്നതായി നാം കേള്‍ക്കാന്‍ തുങ്ങിയിട്ട് കുറച്ചു നാളായി. യഥാര്‍ത്ഥ പപ്പടത്തിന്റെ രുചി നന്നായി അറിയുന്നവര്‍ക്ക് മായം കണ്ടുപിടിക്കാന്‍ എളുപ്പമാണ്.

പപ്പടത്തിലെ പ്രധാന ഘടകം ഉഴുന്നാണ് എന്നാല്‍ ഉഴുന്നിന്റെ വില താങ്ങാന്‍ പറ്റാത്ത വിധം ഉയരുന്നത് ഉഴുന്ന് മാവിന് പകരം മൈദയും കടലമാവും മറ്റും പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.ഇത് കൂടാതെ പല വിധത്തിലുള്ള രാസവസ്തുക്കളും പപ്പട നിര്‍മ്മാണത്തില്‍ ചേര്‍ക്കുന്നുണ്ട്.

പപ്പടം ഉഴുന്ന് കൊണ്ട് തന്നെയാണ് തയ്യാറാക്കുന്നത് എന്നുണ്ടെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.കാരണം പപ്പടത്തിലെ ചുവന്ന നിറം തന്നെയാണ് ഇതില്‍ വളരെയധികം സഹായിക്കുന്നത്. കാരണം ഉഴുന്ന് ചേര്‍ത്ത് തയ്യാറാക്കിയ പപ്പടമാണെങ്കില്‍ ഏഴ് ദിവസം കൊണ്ട് തന്നെ അതിന്റെ നിറം ചുവന്ന നിറമായി മാറുന്നു.ഉഴുന്നടങ്ങുന്നതുകൊണ്ടാണ് പപ്പടം ഏഴ് ദിവസത്തിനുള്ളില്‍ ചുവന്ന് കേടാവാന്‍ തുടങ്ങുന്നത്.എന്നാല്‍ രാസവസ്തുക്കള്‍ ചേര്‍ത്ത പപ്പടമാണെങ്കില്‍ ഇത് രണ്ട് മാസം വരെ ഒരു തരത്തിലുള്ള കേടും ആവാതെ ഇരിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ ഗ്യാസ്, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചിലരില്‍ ക്യാന്‍സറിന് വരെ കാരണമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

മായം കലര്‍ന്ന പപ്പടം കണ്ടു പിടിക്കാന്‍ പിന്നേയും വഴികളുണ്ട്. ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് അതില്‍ പപ്പടം വെക്കാവുന്നതാണ്. പപ്പടം മുഴുവനായി വെള്ളത്തില്‍ മുങ്ങുന്ന തരത്തില്‍ ആയിരിക്കണം വെള്ളം വെക്കേണ്ടത്. പതിനഞ്ച് ഇരുപത് മിനിട്ട് കഴിഞ്ഞ് പപ്പടം വെള്ളത്തില്‍ നിന്ന് എടുക്കുക. ഇത് മാവ് കുഴച്ചതു പോലെ ആണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ അത് ശുദ്ധമായ പപ്പടമായി കണക്കാക്കാവുന്നതാണ്. അതല്ലാതെ പപ്പടം നമ്മള്‍ എങ്ങനെയാണോ വെച്ചത് അതുപോലെ തന്നെയാണ് ലഭിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം പപ്പടത്തില്‍ മായം കലര്‍ന്നിട്ടുണ്ട് എന്നാണ്.

സാധാരണ മായം ചേര്‍ക്കാത്ത പപ്പടമെങ്കില്‍ അത് തയ്യാറാക്കുന്നതിന് ഉഴുന്ന് മാവ്, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവയാണ് ചേരുവകള്‍.എന്നാല്‍ മായം ചേര്‍ത്ത പപ്പടമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ ഇതില്‍ പപ്പടക്കാരത്തിന് പകരം സോഡിയം ബൈകാര്‍ബണേറ്റ് വരെ ഉപയോഗിക്കുന്ന അവസ്ഥയാണ് ഉള്ളത്.

ഉപയോഗിച്ച വെളിച്ചെണ്ണയിലോ മറ്റേതെങ്കിലും തരം എണ്ണയിലോ പിന്നെയും പിന്നെയും പപ്പടം കാച്ചുന്നത് വിവിധ തരം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഉപയോഗിച്ച എണ്ണയില്‍ തന്നെ വീണ്ടും വീണ്ടും പപ്പടം കാച്ചാതെ സൂക്ഷിക്കണം