കരീബിയന്‍ മേഖലയിലെ ചതുപ്പില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തിയാതായി ശാസ്ത്രജ്ഞര്‍. മിക്ക ബാക്ടീരിയകളും സൂക്ഷ്മാണുക്കളാണ്.എന്നാല്‍ ഈ ബാക്ടീരിയയെ മൈക്രോസ്കോപ്പിന്‍റെ സഹായമില്ലാതെ വെറും നഗ്നനേത്രങ്ങള്‍ ഉപയോഗിച്ച് ഇത് കാണാന്‍ കഴിയും.
വെളുത്ത നിറവും 9 മില്ലിമീറ്റര്‍ നീളവുമുള്ള ഈ ബാക്ടീരിയകള്‍ക്ക് നാരുകളുടെ ആകൃതിയാണ്. ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ബാക്ടീരിയകളുടെ 50 മടങ്ങ് നീളമാണ് ഇവയ്ക്കുള്ളത്.കരിബീയന്‍ മേഖലയിലെ ഫ്രഞ്ച് അധീന ദ്വീപായ ഗ്വാഡലൂപ്പില്‍ ചതുപ്പില്‍ മുങ്ങിക്കിടക്കുന്ന സസ്യങ്ങളുടെ ഇലകളില്‍ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. തയോമാര്‍ഗരീറ്റ മാഗ്നിഫിക്കാന എന്നാണ് ഇതിന്റെ പേര്.
യൂണിവേഴ്സ് ഓഫ് ഫ്രഞ്ച് വെസ്റ്റ് ഇന്‍ഡീസ് ആന്‍ഡ് ഗയാനയിലെ ബയോളജിസ്റ്റായ ഒലിവര്‍ ഗ്രോസാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ആദ്യം ഇത് ഒരു ബാക്ടീരിയയാണെന്നു മനസ്സിലാക്കാന്‍ ഈ ഗവേഷകനു കഴിഞ്ഞില്ല. കലിഫോര്‍ണിയയിലെ ലോറന്‍സ് ബെര്‍ക്ക്‌ലി നാഷനല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജീന്‍ മേരി വോളന്‍ഡും ഈ ഗവേഷണത്തില്‍ പങ്കാളിയായിരുന്നു.