കൊവിഡ് ബാധിക്കപ്പെട്ടവര്‍ക്ക് അല്‍ഷിമേഴ്‌സ് അടക്കമുള്ള ചില നാഡീപരമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡെന്മാര്‍ക്കില്‍ നടന്ന പഠനം.ഡെന്മാര്‍ക്കിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ആളുകളുടെ ആരോഗ്യ വിവരം വിശകലനം ചെയ്‌തുള്ള പഠനത്തിലാണ് കണ്ടെത്തല്‍. ഓസ്‌ട്രിയയിലെ വിയന്നയില്‍ നടന്ന എട്ടാമത് യൂറോപ്യന്‍ അക്കാദമി ഓഫ് ന്യൂറോളജിയില്‍ പഠനം അവതരിപ്പിച്ചു.ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യുമോണിയ, മറ്റ് സാധാരണ പനികള്‍ എന്നീ രോഗങ്ങള്‍ വന്ന് കഴിഞ്ഞാല്‍ നാഡീപരമായ രോഗങ്ങളുടെ സാധ്യത വര്‍ധിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയതാണ്. അതിന് സമാനമായി കൊവിഡും ഈ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കൊവിഡോ ന്യുമോണിയയോ ഒന്നും തന്നെ നാഡീപരമായ രോഗങ്ങള്‍ക്ക് നേരിട്ട് കാരണമാവുന്നില്ല എന്നാണ്.നാഡീ രോഗങ്ങള്‍ക്കുള്ള വര്‍ധിച്ച സാധ്യത: അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, പക്ഷാഘാതം എന്നിവയ്‌ക്കുള്ള സാധ്യത കൊവിഡ് വന്നതിന് ശേഷം ആപേക്ഷികമായി കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത 3.5 മടങ്ങ് കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെടാനുള്ള സാധ്യത 2.6 മടങ്ങും, പക്ഷാഘാതം പിടിപെടാനുള്ള സാധ്യത 2.7 മടങ്ങും, തലച്ചോറിലെ രക്തസ്രാവത്തിനുള്ള സാധ്യത 4.8 മടങ്ങും കൂടുതലാണെന്ന് പഠനം കണക്കാക്കുന്നു.
ഫെബ്രുവരി 2020 മുതല്‍ നവംബര്‍ 2021 വരെയുള്ള കാലയളവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സ തേടിയവരെയും, കൊവിഡ് വ്യാപിക്കുന്നതിന് മുമ്പുള്ള വര്‍ഷത്തില്‍ സാധാരണ പനി പിടിപെട്ടവരുടെയും ആരോഗ്യ വിവരങ്ങളാണ് വിശകലനത്തിനായി വിധേയമാക്കിയത്. തുടര്‍ന്ന് ഇവര്‍ക്ക് നാഡീപരമായ രോഗങ്ങള്‍ വരാനുള്ള അപേക്ഷികമായ സാധ്യത ഗണിത ശാസ്‌ത്രപരമായി കണക്ക് കൂട്ടുകയും ചെയ്യുകയുമായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്, വയസ്, ലിംഗം, മറ്റ് രോഗങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി ഇവരെ ശ്രേണീകരിക്കുകയും ചെയ്‌തു. ഡെന്മാര്‍ക്കിലെ ന്യൂറോളജി വിഭാഗത്തിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മുന്‍കാല പഠനങ്ങളില്‍ നാഡീ രോഗങ്ങളും കൊവിഡും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏതൊക്കെ നാഡീ രോഗങ്ങളെയാണ് കൊവിഡ് സ്വാധീനിക്കുന്നതെന്നോ, മറ്റ് ശ്വാസകോശ ജന്യ രോഗങ്ങളില്‍ നിന്ന് കൊവിഡ് ഈ കാര്യത്തില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നോ എന്നും വ്യക്തമാക്കപ്പെട്ടിരുന്നില്ല.
കൂടുതല്‍ പഠനം ആവശ്യം: പ
ക്ഷാഘാതം ഒഴിച്ച് മറ്റ് നാഡീ രോഗങ്ങള്‍ക്കുള്ള സാധ്യത കൊവിഡ് ബാധിച്ചതിന് ശേഷം ന്യൂമോണിയയോ മറ്റ് തരത്തിലുള്ള പനിയോ ബാധിച്ചതിന് ശേഷമുള്ള സാധ്യതയേക്കാള്‍ വര്‍ധിക്കുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇത് ആശങ്ക ലഘൂകരിക്കുന്ന കണ്ടെത്തലാണെന്ന് പഠനത്തിന് നേതൃത്വം കൊടുത്തവര്‍ വ്യക്തമാക്കി.
80 വയസ് കഴിഞ്ഞ ആളുകള്‍ക്ക് കൊവിഡ് പിടിപെട്ടാല്‍ പക്ഷാഘാതം വരാനുള്ള സാധ്യത പനിയോ ന്യുമോണിയയോ വന്നതിന് ശേഷമുള്ള സാധ്യതയേക്കാള്‍ 1.7 മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തിയത്.
നാഡീപരമായ രോഗങ്ങളായ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ഗുയിലിന്‍-ബാരെ, മയസ്‌തീനിയ ഗ്രാവിസ്,നാര്‍കോലെപ്‌സി എന്നിവ വരാനുള്ള സാധ്യത കൊവിഡോ, ന്യുമോണിയയോ വന്നതുകൊണ്ട് വര്‍ധിക്കണമെന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്‍റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നതാണ് പഠനമെന്ന് ഗവേഷകര്‍ പറഞ്ഞു. കണ്ടെത്തലില്‍ തുടര്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.