Home അറിവ് കാലവര്‍ഷം ആരംഭിച്ചതോടെ കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.

കാലവര്‍ഷം ആരംഭിച്ചതോടെ കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.

കാലവര്‍ഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി അധികൃതരുടെ മുന്നറിയിപ്പ്.വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

കെഎസ്‌ഇബിയുടെ മുന്നറിയിപ്പ് ഇങ്ങനെ

പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്പി , എര്‍ത്തിംഗ് കമ്പി , എര്‍ത്ത് പൈപ്പ്, സ്റ്റേ വയര്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക.കമ്പിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.വൈദ്യുതി ലൈനുകള്‍ക്ക് സമീപം ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കുക.വൈദ്യുതിക്കമ്പിക്ക് സമീപത്തോ കമ്പിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്പുകളോ മരങ്ങളോ വെട്ടിമാറ്റുന്നതിന് കെഎസ്‌ഇബി ജീവനക്കാരുമായി സഹകരിക്കണമെന്നും കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.

വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ വൈദ്യുതി അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട സെക്ഷനുകളിലോ 1912 ,9496010101 ടോള്‍ഫ്രീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാവുന്നതാണ്.

വൈദ്യുതാഘാതത്തില്‍നിന്ന് കന്നുകാലികള്‍ക്ക് സംരക്ഷണം നല്‍കാം

മഴക്കാലത്ത് കന്നുകാലികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാക്കാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.കന്നുകാലികളുടെ മേലേ ലൈന്‍ പൊട്ടിവീണോ പൊട്ടിവീണ ലൈനില്‍ കന്നുകാലികള്‍ ചവിട്ടിയൊ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. മഴക്കാലത്ത് അലസമായി കന്നുകാലികളെ അഴിച്ചു വിടാതിരിക്കാന്‍ ശ്രദ്ധിക്കണം.വൈദ്യുത ലൈനിന് താഴെ തൊഴുത്ത് നിര്‍മിക്കരുത്. പാടത്ത് മേയാന്‍ വിടുന്നവയെ ഒരിക്കലും പോസ്റ്റിലോ സ്റ്റേ വയറിലോ കെട്ടരുത്. വീടുകളിലെ എര്‍ത്ത് വയറിലോ എര്‍ത്ത് പൈപ്പിലോ പശു ചവിട്ടാതെ ശ്രദ്ധിക്കണം. കന്നുകാലികളുടെ കുളമ്പ് എര്‍ത്ത് വയറിലും എര്‍ത്ത് പൈപ്പിലും കുടുങ്ങി ഷോക്കടിച്ച്‌ ചാവുന്ന അപകടങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കെഎസ്‌ഇബിയുടെ നിര്‍ദേശം