Home അറിവ് ഇറച്ചിക്കോഴിവില താഴ്ന്നു. ഹോട്ടൽ വിഭവങ്ങൾക്ക്‌ വിലകുറവില്ല.

ഇറച്ചിക്കോഴിവില താഴ്ന്നു. ഹോട്ടൽ വിഭവങ്ങൾക്ക്‌ വിലകുറവില്ല.

കിലോയ്ക്ക് 140 രൂപ കടന്ന ഇറച്ചിക്കോഴിവില സമീപകാലത്തെ റെക്കാഡ് വില തകര്‍ച്ചയായ 97 ലേക്ക് നിലം പൊത്തി.അതെ സമയം ട്രോളിംഗ് നിലനില്‍ക്കുന്നതിനാല്‍ മത്സ്യവില കുതിച്ചുയരുകയാണ്.

കേരളത്തിലെ കോഴിവില നിയന്ത്രിക്കുന്നത് അന്യസംസ്ഥാന ലോബിയാണ്. തമിഴ്നാട്ടിലെ കമ്പം , തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍ നിന്നാണ് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത് . ആടിമാസത്തില്‍ നോണ്‍വെജ് വിഭവങ്ങളോട് തമിഴ്നാട്ടുകാര്‍ക്കുള്ള താത്പര്യ കുറവാണ് തമിഴ്നാട്ടില്‍ നിന്ന് വന്‍തോതിലുള്ള കോഴിയുടെ വരവിനും വില കുത്തനെ ഇടിയാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. കര്‍ക്കടകമാസത്തില്‍ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി.

എന്നാൽ ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വില. ചിക്കന്‍ കറി, ഫ്രൈ, ഷവര്‍മ്മ, ഷവായ് തുടങ്ങിയ വിഭവങ്ങള്‍ക്ക് നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും ഒരു രൂപപോലും കുറവ് വന്നിട്ടില്ല. കോഴിമുട്ട മൊത്തവില അഞ്ചുരൂപയില്‍ താഴ്ന്നിട്ടും ഓംലറ്റ്, ബുള്‍സ് ഐ എന്നിവയുടെ വിലയും കുറച്ചിട്ടില്ല.