ഒരാള്‍ രാത്രിയില്‍ കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് (Sleeping) വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.എന്നാല്‍ ചിലരെങ്കിലും ക്ഷീണം തോന്നുമ്പോൾ ദീര്‍ഘനേരം ഉറങ്ങാറുണ്ട്. എന്നാല്‍ പകല്‍സമയത്ത് ദീര്‍ഘനേരം ഉറങ്ങുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ (Hypertension) സൂചനയാണെന്നും ഇത് പക്ഷാഘാതം (stroke) പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇടയ്ക്കിടെയുള്ള ഉറക്കം ഹൈപ്പര്‍ടെന്‍ഷന്റെ ലക്ഷണമാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും ശരിയായ ഉറക്കം ലഭിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.പകല്‍ സമയത്ത് അല്‍പം മയങ്ങുന്നത് നല്ലതാണെന്ന് നിങ്ങള്‍ കേട്ടിരിക്കാം. പക്ഷേ ദീര്‍ഘനേരമുള്ള ഉറക്കം അത്ര നല്ലതല്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങളിലേക്ക് ഈ നിയന്ത്രണം വിട്ട ഉറക്കം നയിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറങ്ങുന്നതിനെക്കുറിച്ച് ചൈനയില്‍ ഒരു പഠനം നടന്നിരുന്നു. ഇടയ്ക്കിടെയുള്ള ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാമെന്നും ഇവര്‍ക്ക് പക്ഷാഘാതം സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്
.5 ദശലക്ഷത്തിലധികം ആളുകളെയാണ് ഗവേഷകര്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറങ്ങുന്ന വ്യക്തികള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത 7 ശതമാനം ആണെന്നും, പക്ഷാഘാതം പിടിപെടാനുള്ള സാധ്യത 12 ശതമാനം ആണെന്നും, രക്തം കട്ടപിടിക്കുന്നത് മൂലമുണ്ടാകുന്ന ഇസ്കെമിക് സ്ട്രോക്കിനുള്ള (ischemic stroke) സാധ്യത 9 ശതമാനം ആണെന്നും കണ്ടെത്തി.പകല്‍ ഒരുപാടു നേരം ഉറങ്ങുന്നവരില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാനുള്ള സാധ്യത 12 ശതമാനം ആണെന്നും, പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനം ആണെന്നും, രക്തം കട്ടപിടിക്കുന്നത് മൂലമുണ്ടാകുന്ന സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം ഈണെന്നും പഠനം കണ്ടെത്തി. ഇതിന് പിന്നിലെ കാരണം മനസിലാക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
ശരിയായ ഉറക്കം ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഘടകമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയിരുന്നു. ഉറക്കത്തിനൊപ്പം ഭക്ഷണം, വ്യായാമം, ശരീരഭാരം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്ത സമ്മര്‍ദ്ദം, പുകയിലയുടെ ഉപയോഗം എന്നിവയാണ് ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍.
2019ല്‍ 17.9 മില്യണോളം ആളുകളാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് മരിച്ചത്. ലോകത്തെ ആകെ മരണത്തിന്റെ 32 ശതമാനത്തോളം വരും ഇത്. 17.9 മില്യണ്‍ ആളുകളില്‍ തന്നെ 85 ശതമാനവും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ബാധിച്ചാണ് മരിച്ചിട്ടുള്ളത്.
ശരിയായ ജീവിതശൈലികള്‍ കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളെ 80 ശതമാനത്തോളം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നന്നായി ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് കണ്ടെത്തല്‍. ശരീരഭാരം, രക്ത സമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്.