വഴിതെറ്റിയും നിയന്ത്രണംവിട്ടും കാറുകൾ വെള്ളത്തിൽ പോകുന്ന സംഭവങ്ങൾ കൂടുന്നു. കാർ വെള്ളത്തിൽ വീണാൽ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല. അല്പം മനസ്സാന്നിധ്യത്തോടെ പ്രവർത്തിച്ചാൽ ഈ അപകടസന്ധിയെ നേരിടാം.
കാറുകൾ വെള്ളം കയറാത്തവയല്ല. വാതിലുകളും ചില്ലുകളും അടഞ്ഞിരിക്കുകയാണെങ്കിൽ ഉള്ളിലേക്ക് വെള്ളം കടക്കുന്നത് സാവധാനത്തിലായിരിക്കുമെന്നു മാത്രം.ഉള്ളിൽ സാമാന്യം വെള്ളം കയറിക്കഴിഞ്ഞാലേ കാർ മുങ്ങിത്തുടങ്ങൂ. കാറിന്റെ അടിത്തട്ടിനെക്കാൾ ഉയരത്തിൽ വെള്ളമുണ്ടെങ്കിൽ വാഹനം റോഡിൽനിന്ന് ഉയരും. കാറിനുള്ളിലും ടയറുകളിലും വായു ഉള്ളതാണ് കാരണം. സാധാരണ കാറുകൾക്ക് ശരാശരി 1200 കിലോഗ്രാമിൽ താഴെ മാത്രമേ ഭാരമുള്ളൂ എന്നതും ഓർക്കണം.
ഒഴുക്കുള്ള വെള്ളത്തിൽ കാറും ഒഴുകി നീങ്ങും. പിന്നീട് ഉള്ളിൽ വെള്ളം കയറുന്നതിനനുസരിച്ച് ക്രമേണയാകും മുങ്ങുക.റോഡിലൂടെ വെള്ളം കയറി ഒഴുകുന്നുണ്ടെങ്കിൽ അവിടെ വാഹനം ഇറക്കരുത്. പാലവും കലുങ്കും ഉള്ള സ്ഥലങ്ങളിൽ പ്രത്യേകശ്രദ്ധ വേണം. പെട്ടെന്ന് ഒഴുക്ക് കൂടാം.• വെള്ളത്തിലിറങ്ങിയ കാർ റോഡിൽനിന്ന് ഉയരുന്നെന്ന് തോന്നിയാൽ വളരെ വേഗം വാതിൽ തുറന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണം. കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകണം.• വാതിലിന്റെ അടിഭാഗം കുറെ മുങ്ങിക്കഴിഞ്ഞാൽ, പുറത്തെ വെള്ളത്തിന്റെ സമ്മർദ്ദംകൊണ്ട് വാതിൽ തുറക്കാൻ കഴിയില്ല. മുന്നിലെയോ പിന്നിലെയോ വശത്തെയോ ഗ്ളാസ് തകർത്ത് പുറത്ത് കടക്കുകയാണ് വേണ്ടത്.• ഗ്ലാസ് പൊട്ടിക്കുന്നതിന് സീറ്റിന് മുകളിലുള്ള ഹെഡ്റെസ്റ്റ്, സീറ്റ് ബെൽറ്റിനൊപ്പമുള്ള ലോഹബക്കിൾ എന്നിവ ഉപയോഗിക്കാം. ഗ്ലാസ്സിന്റെ സൈഡിലോ, മൂലകളിലോ പ്രഹരമേല്പിക്കുക. ഒരിക്കലും മധ്യഭാഗം പൊട്ടിക്കരുത്.• മറുസൈഡിലെ സീറ്റിലേയ്ക്ക് കിടന്ന് ശക്തിയോടെ ഇരുകാലുകൾകൊണ്ടും ചവിട്ടിയും ഗ്ലാസ്സ്തകർക്കാം.• ആരോഗ്യമുള്ള മുതിർന്ന ആരെങ്കിലും ആദ്യം പുറത്തിറങ്ങുക. ആ ആളുടെ സഹായത്തോടെ കുട്ടികളെയും പ്രായം ചെന്നവരെയും ആദ്യം കാറിൽനിന്നിറക്കി സുരക്ഷിത സ്ഥാനത്തെത്തിക്കുക.• എല്ലാവരും സുരക്ഷിത സ്ഥാനത്തെത്തിയ ശേഷം മാത്രം വാഹനം കരയ്ക്കെത്തിക്കുന്നതിനുള്ള മാർഗം ആരായുക.
നാവിഗേഷൻ ആപ്പുകൾ കാലോചിതമായി അപ്ഡേറ്റ് ചെയ്യണം. ഗൂഗിൾമാപ്പിൽ പോകേണ്ട സ്ഥലം ടൈപ്പ് ചെയ്തുകൊടുത്താൽ എളുപ്പവഴിയായിരിക്കും കാണിക്കുന്നത്. വാഹനങ്ങൾ സുഗമമായി പോകുമോ എന്നകാര്യം വ്യക്തമായിരിക്കില്ല. ഗൂഗിൾ മാപ്പിനെക്കാൾ കൺമുന്നിലുള്ള റോഡിനെ വിശ്വസിക്കുക. കാലാവസ്ഥാ ഘടകങ്ങളും സ്ഥലത്തിന്റെ പ്രത്യേകതകളും (നദീതീരം, മലഞ്ചെരിവ് തുടങ്ങിയവ) കണക്കിലെടുക്കുക. സംശയം വന്നാൽ സമീപവാസികളോട് ചോദിച്ചുമാത്രം യാത്ര തുടരുക.