Home അറിവ് കൊലയാളി വാഹനങ്ങൾക്കും ഇനി വധശിക്ഷ

കൊലയാളി വാഹനങ്ങൾക്കും ഇനി വധശിക്ഷ

കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂരിലെ ഫ്ളാറ്റിൽ സുരക്ഷ ജീവനക്കാരെ കാറിടിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിന്റെ ഹമ്മർ എന്ന ആഡംബര എസ്.യു.വിയായിരിക്കും ആദ്യം പൊളിക്കുകയെന്നാണ് റിപ്പോർട്ട്. കുറ്റകൃത്യങ്ങളിൽ പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി വാഹന രജിസ്ട്രേഷൻ റദ്ദാക്കുന്ന ആദ്യ വാഹനമാണ് നിഷാമിന്റെ ഹമ്മർ എന്നാണ് വിവരം.

വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയാൽ കോടതിയുടെ അനുമതിയോടെ ഈ വാഹനം പൊളിക്കാനണ് കളമൊരുങ്ങുന്നത്. ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരുന്ന ഈ വാഹനം വർഷങ്ങളായി തൃശൂരിലെ പേരാമംഗലം പോലീസ് സ്റ്റേഷനിലാണുള്ളത്. ഇത്തരത്തിൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളുടെ വിവരം നൽകാൻ മോട്ടോർ വാഹന വകുപ്പ് ഡി.ജി.പി. അനിൽ കാന്ത് മിശ്രയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.2015 ജനുവരിയിലാണ് നിഷാമിന്റെ കുറ്റകൃത്യം നടക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെ നിഷാം വാഹനവുമായി എത്തിയപ്പോൾ ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് തന്റെ ആഡംബര എസ്.യു.വിയായ ഹമ്മർ ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് നിഷാമിന് തൃശൂർ കോടതി ജീവപര്യന്തം കഠിനതടവും 24 വർഷം അധിക തടവും ശിക്ഷിക്കുകയും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

നിഷാമിന്റെ ഹമ്മറിന് പുറമെ, കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച ലോറിയും പൊളിക്കുന്ന വാഹനങ്ങളുടെ പട്ടികയിലുണ്ട്. കൊലക്കേസുകളിൽ പ്രതികൾ സഞ്ചരിക്കുന്ന വാഹനവും ഇനി മുതൽ പ്രതിപ്പട്ടികയിൽ വരുമെന്നാണ് വിവരം. കുറ്റകൃത്യം നടപ്പാക്കുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതാണെങ്കിലും സമാനമായ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.

നിലവിലെ നിയമം അനുസരിച്ച് മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ മാത്രമേ രജിസ്ട്രേഷനും പെർമിറ്റും റദ്ദാക്കാറുള്ളൂ. എന്നാൽ, വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി അഥോരിറ്റിയുടെ നിർദേശം അനുസരിച്ച് ഹീനമായ കുറ്റകൃത്യങ്ങളിൽ പെടുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് റദ്ദാക്കാം.