Home ആരോഗ്യം ഒമൈക്രോണ്‍; തൊലിപ്പുറത്ത് ഈ ലക്ഷണങ്ങലുണ്ടോ?

ഒമൈക്രോണ്‍; തൊലിപ്പുറത്ത് ഈ ലക്ഷണങ്ങലുണ്ടോ?

ഡെല്‍റ്റ മാറി ഒമിക്രോണ്‍ വന്നാലും കോവിഡ് ബാധ സംബന്ധിച്ച് പല നിര്‍ണായക സൂചനകളും നമ്മുടെ ചര്‍മത്തില്‍ നിന്ന് ലഭിക്കും. അടുത്തിടെ ബ്രിട്ടീഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് കോവിഡ് ബാധിതരായ 11,544 പേരെ നിരീക്ഷിച്ചതില്‍ 8.8 ശതമാനം പേര്‍ക്കും എന്തെങ്കിലും തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍ അറിയാം.

കൈകാലുകളിലെ വിരലുകളില്‍ ഉണ്ടാകുന്ന ചുവന്നതും പര്‍പ്പിള്‍ നിറത്തിലുള്ളതുമായ ചെറിയ മുഴകളെ കോവിഡ് ടോസ്, ചില്‍ബ്ലേയ്ന്‍സ് എന്നെല്ലാം വിളിക്കാറുണ്ട്. സാധാരണ ഗതിയില്‍ തണുപ്പ് കാലത്ത് വരുന്ന ഈ ചര്‍മ പ്രശ്‌നം കോവിഡ് മൂലം എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. ഇവ മൂലം വിരലുകള്‍ വീര്‍ത്തിരിക്കുന്നതായി കാണപ്പെടുമെങ്കിലും ചൊറിച്ചില്‍ ഉണ്ടാകില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം മുകളിലെ തൊലി അടര്‍ന്ന് പോയി താഴത്തെ ചര്‍മം ചെതുമ്പല്‍ പോലെ കാണപ്പെടാം.

കരപ്പന്‍, വരട്ട് ചൊറി എന്നെല്ലാം അറിയപ്പെടുന്ന എക്‌സിമ തൊലിപ്പുറത്ത് നീരും ചൊറിച്ചിലും വിണ്ടുകീറലുമൊക്കെ ഉണ്ടാക്കി ചര്‍മത്തിന്റെ മാര്‍ദ്ദവത്വം നഷ്ടപ്പെടുത്തും. കോവിഡ് അണുബാധയുടെ സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന എക്‌സിമ ദിവസങ്ങള്‍ നീണ്ടു നില്‍ക്കാം. സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന കഴുത്ത്, നെഞ്ച്, കൈകള്‍ തുടങ്ങിയ ഇടങ്ങളിലാണ് സാധാരണ ഗതിയില്‍ എക്‌സിമ ഉണ്ടാകുന്നത്.

സാധാരണ ഗതിയില്‍ തൊലിപ്പുറത്ത് പെട്ടെന്നുണ്ടായി ഏതാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന തിണര്‍പ്പുകളാണ് ഹൈവ്‌സ്. ചുവന്ന നിറത്തില്‍, ചൊറിച്ചിലുണ്ടാക്കുന്ന ഈ തിണര്‍പ്പുകള്‍ പല വലുപ്പത്തില്‍ ഉണ്ടാകാം. തുടകളിലും പുറത്തും മുഖത്തുമെല്ലാം ഇവ പ്രത്യക്ഷപ്പെടാം. കോവിഡ് അണുബാധയുടെ തുടക്കത്തില്‍ ഉണ്ടാകുന്ന ഹൈവ്‌സ് ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്.

എനാന്തം എന്നറിയപ്പെടുന്ന ചുണ്ടുകളിലും വായിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന തടിപ്പും കോവിഡ് ലക്ഷണമാണ്. വായ ഉണങ്ങിയതു പോലത്തെ തോന്നല്‍ ഇവയുണ്ടാക്കും. ചിലപ്പോള്‍ ചുണ്ടുകള്‍ക്ക് വേദനയും അനുഭവപ്പെടും. വായ്ക്കുള്ളിലും തടിപ്പുണ്ടായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ടാകാം. കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുന്നതിന് രണ്ട് ദിവസം മുന്‍പോ ലക്ഷണങ്ങള്‍ പ്രത്യക്ഷമായി 24 ദിവസം വരെയുമോ ഇവ കാണപ്പെടാം.

നെഞ്ചിലോ, വയറിലോ പുറം ഭാഗത്തോ വട്ടത്തിലോ ഓവല്‍ രൂപത്തിലോ പ്രത്യക്ഷമാകുന്ന തിണര്‍പ്പാണ് പിട്രിയാസിസ് റോസിയ. മുതിര്‍ന്നവരിലും കുട്ടികളിലും വൈറല്‍ അണുബാധ മൂലമാണ് ഇവ പ്രത്യക്ഷമാകുന്നത്. ഇത്തരം തിണര്‍പ്പുകള്‍ കോവിഡ് ബാധിച്ച് നാലഞ്ച് ദിവസത്തിനുള്ളില്‍ കാണപ്പെടാറുണ്ട്.