Home കൗതുകം പാട്ട് കേട്ടാല്‍ പിന്നെ ഒന്നും നോക്കില്ല, തുടങ്ങും ഡാന്‍സ്; വൈറലായി പൂച്ചക്കുട്ടികള്‍

പാട്ട് കേട്ടാല്‍ പിന്നെ ഒന്നും നോക്കില്ല, തുടങ്ങും ഡാന്‍സ്; വൈറലായി പൂച്ചക്കുട്ടികള്‍

നുഷ്യരോട് ഒരു പരിധി വിട്ട് സ്‌നേഹമൊന്നും കാണിക്കില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ജീവികളാണ് പൂച്ചകള്‍. ഓമനത്തം തുളുമ്പുന്ന മുഖവും പതുങ്ങിപ്പതുങ്ങിയുള്ള നടത്തവുമെല്ലാം ഇവരെ ആളുകള്‍ക്ക്് പ്രിയപ്പെട്ടവരാക്കുന്നു.

വേണമെങ്കില്‍ പാട്ടുപാടാനും നൃത്തം ചെയ്യാനുമെല്ലാം ഒരു മടിയുമില്ല ഇക്കൂട്ടര്‍ക്ക്. അത് തെളിയിക്കുന്നൊരു വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാട്ടിന്റെ താളത്തിനൊത്ത് ഒരാള്‍ തലയാട്ടുമ്പോള്‍ അത് കേട്ട് അടുത്ത പൂച്ചക്കുട്ടിയും ഓടിയെത്തുന്നത് വീഡിയോയില്‍ കാണാം. പിന്നെ രണ്ടാളും കൂടിച്ചേര്‍ന്നുള്ള ചുവടുവെയ്പ്പായി. പാട്ടിനൊത്ത് തലയാട്ടി കാലിളക്കുന്ന പൂച്ചക്കുട്ടിളെ കണ്ടാല്‍ ആരും ഒരു പൂച്ചപ്രേമിയായി മാറിപ്പോകും.

വെല്‍കം ടു നേച്ചറെന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 41,000-ലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. നൃത്തച്ചുവടുകളും താളവുമെല്ലാം കൊള്ളാമല്ലോയെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലേറെയും.